മുംബൈ: ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനത്തിലൂടെ ക്രിസ് മോറിസ് രാജസ്ഥാനെ വിജയത്തിലെത്തിച്ചതോടെ ആദ്യ മത്സരത്തില്‍ ക്യാപ്റ്റന്‍ സഞ്ജു മോറിസിന് സിംഗിള്‍ നിഷേധിച്ച സംഭവം വീണ്ടും ചര്‍ച്ചയാകുകയാണ്.

ഒരു ഘട്ടത്തില്‍ അഞ്ചിന് 42 റണ്‍സ് എന്ന നിലയില്‍ തകര്‍ന്ന് രാജസ്ഥാന്‍ തോല്‍വി ഉറപ്പിച്ച ഘട്ടത്തിലാണ് ഡേവിഡ് മില്ലറും ക്രിസ് മോറിസും രക്ഷകരായി അവതരിക്കുന്നത്. 18 പന്തില്‍ നിന്ന് നാലു സിക്സറടക്കം പുറത്താവാതെ 36 റണ്‍സെടുത്ത മോറിസ് രാജസ്ഥാന് നാടകീയ വിജയം സമ്മാനിക്കുകയായിരുന്നു. 

ഇതോടെ ഡല്‍ഹിക്കെതിരായ മത്സര ശേഷം പഞ്ചാബിനെതിരേ മോറിസിന് സ്‌ട്രൈക്ക് നിഷേധിച്ചതിനെ കുറിച്ച് സഞ്ജുവിനോട് ചോദ്യമുയര്‍ന്നു. മോറിസ് തന്റെ ഫിനിഷിങ് മികവ് ഡല്‍ഹിക്കെതിരായ മത്സരത്തിലൂടെ തെളിയിച്ചെങ്കിലും അന്ന് സിംഗിളെടുക്കാന്‍ വിസമ്മതിച്ച അതേ തീരുമാനത്തില്‍ താന്‍ ഉറച്ചു നില്‍ക്കുന്നതായി സഞ്ജു വ്യക്തമാക്കി. ഇതിന് ഇനിയും ഒരു 100 തവണ കളിച്ചാലും ആ സിംഗിള്‍ എടുക്കാന്‍ ശ്രമിക്കില്ലെന്നായിരുന്നു സഞ്ജുവിന്റെ മറുപടി. 

പഞ്ചാബിനെതിരായ മത്സര ശേഷം സഞ്ജു മോറിസിന് സ്‌ട്രൈക്ക് നല്‍കിയിരുന്നെങ്കില്‍ രാജസ്ഥാന് ജയിക്കാന്‍ സാധിക്കുമായിരുന്നുവെന്നും സഞ്ജുവിന്റെ തീരുമാനമായിരുന്നു ശരി എന്നുമുള്ള രണ്ട് വാദങ്ങള്‍ ഉയര്‍ന്നിരുന്നു. ഇത്തരം ചര്‍ച്ചകള്‍ക്കാണ് തന്റെ ഉറച്ച നിലപാടിലൂടെ സഞ്ജു മറുപടി നല്‍കിയിരിക്കുന്നത്.

Content Highlights: IPL 2021 sanju samson reacts on single denied against chris morris