മുംബൈ: ഐ.പി.എല്‍ 14-ാം സീസണില്‍ മത്സരങ്ങളെല്ലാം കൃത്യ സമയത്ത് അവസാനിപ്പിക്കുന്നതിനായി കര്‍ശന നിര്‍ദേശങ്ങളാണ് ഇത്തവണ ഐ.പി.എല്‍ ഭരണ സമിതി ടീമുകള്‍ക്ക് നല്‍കിയത്. 

കുറഞ്ഞ ഓവര്‍ റേറ്റിന് കനത്ത പിഴയും ഈടാക്കും. നേരത്തെ ഇത്തരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ എം.എസ് ധോനിക്ക് 12 ലക്ഷം രൂപ പിഴ ലഭിച്ചിരുന്നു.

ഇപ്പോഴിതാ കഴിഞ്ഞ ദിവസം നടന്ന ഡല്‍ഹി ക്യാപ്പിറ്റല്‍സ്  - രാജസ്ഥാന്‍ റോയല്‍സ് മത്സരത്തിനിടെ ഇത്തരത്തില്‍ പിഴ ശിക്ഷ ഭയന്ന് ഡല്‍ഹി ക്യാപ്റ്റന്‍ ഋഷഭ് പന്ത് എടുത്ത മുന്‍കരുതല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

മത്സരത്തിനിടെ ടീം അംഗങ്ങളോട് കാര്യങ്ങളെല്ലാം പെട്ടെന്ന് തീര്‍ക്കാന്‍ പന്ത് നിര്‍ദേശം നല്‍കുന്നത് കാണാമായിരുന്നു.

അതേസമയം മത്സരത്തിനിടെ ഓണ്‍ഫീല്‍ഡ് അമ്പയര്‍മാര്‍ 30 യാര്‍ഡ് സര്‍ക്കിളിനു പുറത്ത് നിശ്ചിത എണ്ണം ഫീല്‍ഡര്‍മാരെ തന്നെയാണോ നിര്‍ത്തിയതെന്ന് പരിശോധിക്കുന്നതിനായി മത്സരം കുറച്ച് സമയം നിര്‍ത്തിവെച്ചു. 

ഈ സമയം സ്റ്റമ്പ് മൈക്ക് ഒപ്പിയെടുത്ത ഋഷഭ് പന്തിന്റെ പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ആ ഒരു മിനിറ്റ് മത്സരം വൈകിപ്പിച്ചത് നിങ്ങളാണേ എന്നായിരുന്നു അമ്പയര്‍മാരോട് പന്ത് പറഞ്ഞത്. 

കുറഞ്ഞ ഓവര്‍ റേറ്റിന്റെ പേരില്‍ നടപടി നേരിടേണ്ടി വരുമെന്ന് ഭയന്നായിരുന്നു പന്തിന്റെ ഈ മുന്‍കരുതല്‍.

Content Highlights: IPL 2021 Rishabh Pant in cheeky exchange with umpire to avoid over-rate fine