ചെന്നൈ: ഡല്‍ഹി ക്യാപിറ്റല്‍സിന്റെ സ്പിന്നര്‍ ആര്‍.അശ്വിന്‍ ഐ.പി.എല്ലില്‍ നിന്ന് വിട്ടുനില്‍ക്കും. അശ്വിന്‍ ട്വിറ്ററിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

കുടുംബം കോവിഡിനെതിരായ പോരാട്ടത്തിലാണെന്നും ഈ പ്രതിസന്ധി ഘട്ടത്തില്‍ അവരെ പിന്തുണയ്ക്കാനാണ് തീരുമാനമെന്നും ട്വീറ്റില്‍ അശ്വിന്‍ പറയുന്നു. കാര്യങ്ങളെല്ലാം നല്ല രീതിയിലാകുകയാണെങ്കില്‍ താന്‍ തിരികെ വരുമെന്നും അശ്വിന്‍ വ്യക്തമാക്കുന്നു.

ഐപിഎല്‍ ഈ സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ പ്രധാന ബൗളര്‍മാരില്‍ ഒരാളാണ് അശ്വിന്‍. കഴിഞ്ഞ ദിവസം നടന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിലും അശ്വിന്‍ കളിച്ചിരുന്നു. സൂപ്പര്‍ ഓവറിലേക്ക് നീണ്ട മത്സരത്തില്‍ ഡല്‍ഹി വിജയിച്ചു. ഇതിനുശേഷമാണ് ഐ.പി.എല്ലില്‍ നിന്ന് വിട്ടുനില്‍ക്കുന്ന കാര്യം അശ്വിന്‍ വ്യക്തമാക്കിയത്.

Content Highlights: IPL 2021 R Ashwin Delhi Capitals Covid-19