ദുബായ്: ഐ.പി.എല്‍ 14-ാം സീസണിലെ ഫൈനലിസ്റ്റുകളെ ബുധനാഴ്ച അറിയാം. വൈകീട്ട് 7.30-ന് തുടങ്ങുന്ന ഡല്‍ഹി ക്യാപിറ്റല്‍സ് - കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ് രണ്ടാം ക്വാളിഫയറിലെ വിജയികള്‍ ഫൈനലില്‍ ചെന്നൈ സൂപ്പര്‍കിങ്സിനെ നേരിടും.

പ്രാഥമിക ഘട്ടത്തില്‍ ഒന്നാം സ്ഥാനക്കാരായി പ്ലേ ഓഫിലേക്ക് മുന്നേറിയ ഡല്‍ഹി ആദ്യ ക്വാളിഫയറില്‍ ചെന്നൈയോട് തോറ്റാണ് രണ്ടാം ക്വാളിഫയറിന് എത്തിയത്. പ്രാഥമിക റൗണ്ടിലെ അവസാന മത്സരത്തില്‍ ബാംഗ്ലൂരിനോടും തോറ്റു. ഋഷഭ് പന്ത് നയിക്കുന്ന ടീമിന് തുടര്‍ച്ചയായ രണ്ടു തോല്‍വികളുടെ ക്ഷീണമുണ്ട്. ആദ്യ കിരീടം എന്ന ലക്ഷ്യത്തിലേക്ക് കൃത്യമായ ആസൂത്രണത്തോടെ മുന്നേറിയ ഡല്‍ഹിക്ക് പക്ഷേ, അവസാന ഘട്ടത്തില്‍ പിഴച്ചു. പൃഥ്വി ഷാ, ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത് തുടങ്ങിയ യുവ ബാറ്റ്സ്മാന്‍മാരുടെ കരുത്തില്‍ മുന്നേറുന്ന ടീമിന് ആന്റിച്ച് നോര്‍ക്യ, ആവേശ് ഖാന്‍, ആര്‍. അശ്വിന്‍, കാഗിസോ റബാഡ തുടങ്ങിയ മികച്ച ബൗളിങ് പടയുമുണ്ട്.

ആദ്യഘട്ടത്തിലെ ഏഴില്‍ അഞ്ചു മത്സരങ്ങളും തോറ്റ കൊല്‍ക്കത്ത രണ്ടാംഘട്ടത്തിലെ ഏഴില്‍ അഞ്ചു മത്സരങ്ങളും ജയിച്ചാണ് പ്ലേ ഓഫില്‍ എത്തിയത്. തിങ്കളാഴ്ച ഓള്‍റൗണ്ട് മികവില്‍ ബാംഗ്ലൂരിനെയും തോല്‍പ്പിച്ചതോടെ കൊല്‍ക്കത്ത ടീം ചാര്‍ജ് ആയിരിക്കുന്നു. ശുഭ്മാന്‍ ഗില്‍, വെങ്കിടേഷ് അയ്യര്‍, നിധീഷ് റാണ, രാഹുല്‍ ത്രിപാഠി എന്നിവരടങ്ങിയ ബാറ്റിങ് നിരയില്‍ ഒരാള്‍ തിളങ്ങിയാല്‍തന്നെ മികച്ച സ്‌കോറിലെത്താനാകും. പിന്നാലെ ദിനേഷ് കാര്‍ത്തിക്, സുനില്‍ നരെയ്ന്‍, ഒയിന്‍ മോര്‍ഗന്‍ എന്നിവരുമുണ്ട്. ബാംഗ്ലൂരിനെതിരേ ബാറ്റുകൊണ്ടും പന്തുകൊണ്ടും സുനില്‍ നരെയ്ന്‍ തിളങ്ങി. സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയും ടീമിന്റെ മുന്നേറ്റത്തില്‍ പ്രധാന പങ്കുവഹിക്കുന്നു.

Content Highlights: IPL 2021 Qualifier 2 Delhi Capitals take on Kolkata Knight Riders