ഷാര്‍ജ: ആവേശകരമായ മത്സരത്തിനൊടുവില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ മറികടന്നാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഐ.പി.എല്‍ ഫൈനലിലേക്ക് മുന്നേറിയത്. ഡല്‍ഹി ഉയര്‍ത്തിയ 136 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കൊല്‍ക്കത്ത അവസാന ഓവറിലെ അഞ്ചാം പന്തിലാണ് വിജയം നേടിയത്. മൂന്ന് വിക്കറ്റിനായിരുന്നു കൊല്‍ക്കത്ത ടീമിന്റെ ജയം. 

ടൂര്‍ണമെന്റില്‍ ഉടനീളം മികച്ച മുന്നേറ്റം നടത്തിയ ഡല്‍ഹി ടീമിന് ഈ തോല്‍വി താങ്ങാനാകുന്നതായിരുന്നില്ല. മത്സരം അവസാനിച്ചതിനു പിന്നാലെ ഡല്‍ഹി താരങ്ങളില്‍ പലരുടെയും കണ്ണുകള്‍ നിറഞ്ഞൊഴുകി. 

രാഹുല്‍ ത്രിപാഠി കൊല്‍ക്കത്തയുടെ വിജയറണ്‍ നേടിയതിനു പിന്നാലെ ഡല്‍ഹി താരം പൃഥ്വി ഷാ ആകെ തകര്‍ന്ന അവസ്ഥയിലായി. നിരാശയോടെ മൈതാനത്തിരുന്ന ഷായുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. സഹതാരങ്ങള്‍ പലരും ആശ്വസിപ്പിക്കാനെത്തിയെങ്കിലും ഷാ മൈതാനത്ത് തലകുനിച്ചിരിക്കുകയായിരുന്നു. 

ഒരു ഘട്ടത്തില്‍ അനായാസ വിജയത്തിലേക്ക് കുതിക്കുകയായിരുന്ന കൊല്‍ക്കത്തയെ വലിയ തകര്‍ച്ചയിലേക്ക് തള്ളിയിട്ട് വിറപ്പിച്ചാണ് ഡല്‍ഹി കീഴടങ്ങിയത്. 136 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കൊല്‍ക്കത്ത ഒരു ഘട്ടത്തില്‍ 14.5 ഓവറില്‍ ഒരു വിക്കറ്റിന് 123 റണ്‍സ് എന്ന ശക്തമായ നിലയിലായിരുന്നു.  അവിടുന്നങ്ങോട്ട് ചീട്ടുകൊട്ടാരം പോലെ തകര്‍ത്ത കൊല്‍ക്കത്ത 130-ന് ഏഴ് എന്ന സ്‌കോറിലേക്ക് വീണു. അവസാന ഓവറില്‍ സിക്സടിച്ചുകൊണ്ട് രാഹുല്‍ ത്രിപാഠിയാണ് കൊല്‍ക്കത്തയ്ക്ക് വിജയം സമ്മാനിച്ചത്.

Content Highlights: IPL 2021 Prithvi Shaw in tears after heartbreak against kkr