ചെന്നൈ: സമകാലിക ക്രിക്കറ്റിലെ കരുത്തരായ രണ്ട് ഇന്ത്യന്‍ താരങ്ങള്‍ ഐ.പി.എല്‍. 14-ാം എഡിഷന്റെ ഉദ്ഘാടന മത്സത്തില്‍ രണ്ട് ടീമുകളിലായി പരസ്പരം മാറ്റുരയ്ക്കുന്നു.

ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ നയിക്കുന്ന മുംബൈ ഇന്ത്യന്‍സ് വിരാട് കോലിയുടെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടുമ്പോള്‍ അത്‌ ഐ.പി.എലിന്റെ ആവേശത്തിന് ചേര്‍ന്ന തുടക്കമാകും. വൈകീട്ട് 7.30 മുതല്‍ ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയത്തിലാണ് മത്സരം.

കഴിഞ്ഞ രണ്ടു സീസണുകളിലും കിരീടം നേടിയ മുംബൈ ഇന്ത്യന്‍സ് ഇക്കുറിയും വലിയ ആശങ്കയില്ലാതെയാണ് ഇറങ്ങുന്നത്. രോഹിത് ശര്‍മ, ക്വിന്റണ്‍ ഡി കോക്ക്, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, ക്രുണാല്‍ പാണ്ഡ്യ, ജസ്പ്രീത് ബുംറ തുടങ്ങിയ അതിശക്തമായ ടീം. എല്ലാവരും കഴിഞ്ഞവര്‍ഷം ഒന്നിച്ചു കളിച്ചവര്‍. ടൂര്‍ണമെന്റില്‍ അഞ്ചുവട്ടം കിടീരം നേടിയ മുംബൈ ഒരിക്കല്‍ക്കൂടി അത് ആവര്‍ത്തിക്കാനുള്ള ശ്രമം വെള്ളിയാഴ്ച തുടങ്ങുന്നു.

വിരാട് കോലിയുടെ നേതൃത്വത്തിലുള്ള ബാംഗ്ലൂരും കണക്കില്‍ ശക്തരാണ്. എ.ബി. ഡിവില്ലിയേഴ്‌സ്, ഗ്ലെന്‍ മാക്‌സ് വെല്‍, ദേവദത്ത് പടിക്കല്‍ എന്നിവരടങ്ങിയ ബാറ്റിങ് ശക്തം. കൈല്‍ ജാമിസണ്‍, മുഹമ്മദ് സിറാജ്, നവ്ദീപ് സെയ്‌നി, യുസ്വേന്ദ്ര ചാഹല്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരടങ്ങിയ ബൗളിങ് നിര. ആദ്യ കിരീടം തേടിയിറങ്ങുന്ന ബാംഗ്ലൂരിനും തുടക്കം നന്നാകണം.

കോവിഡിന്റെ രണ്ടാം വ്യാപനം രൂക്ഷമാകുന്നതിനുമുമ്പാണ് മത്സരവേദികളും സമയവുമെല്ലാം തീരുമാനിച്ചത്. അതിനുശേഷം കോവിഡ് വന്‍തോതില്‍ കൂടി. രാജ്യമെങ്ങും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു. അക്‌സര്‍ പട്ടേല്‍, ദേവദത്ത് പടിക്കല്‍ തുടങ്ങിയ കളിക്കാര്‍ക്കും വാംഖഡെ സ്‌റ്റേഡിയത്തിലെ പത്തിലേറെ ഗ്രൗണ്ട് സ്റ്റാഫിനും കോവിഡ് ബാധിച്ചു. എങ്കിലും മത്സരം നിശ്ചയിച്ചപ്രകാരം നടക്കുമെന്ന് ബി.സി.സി.ഐ. വ്യക്തമാക്കിയിട്ടുണ്ട്.

Content Highlights: IPL 2021 Mumbai Indians vs Royal Challengers Banglore