മുംബൈ: കോവിഡിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച ഐപിഎല്‍ 14-ാം സീസണിലെ ശേഷിക്കുന്ന മത്സരങ്ങള്‍ സെപ്റ്റംബറില്‍ യു.എ.ഇയില്‍ ആരംഭിക്കും. സെപ്റ്റംബര്‍ 19-നോ 20-നോ തുടങ്ങുന്ന ടൂര്‍ണമെന്റിന്റെ ഫൈനല്‍ ഒക്ടോബര്‍ പത്തിനായിരിക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഇന്ത്യ, ഇംഗ്ലണ്ട് ടീമുകള്‍ സെപ്റ്റംബര്‍ 14ന് ടെസ്റ്റ് പരമ്പര പൂര്‍ത്തിയാക്കിയ ശേഷം സെപ്റ്റംബര്‍ 15-ന് യു.എ.ഇയിലേക്ക് വിമാനം കയറും. തുടര്‍ന്ന് മൂന്നു ദിവസത്തോളം യു.എ.ഇയില്‍ ക്വാറന്റെയ്‌നില്‍ കഴിയും. ഇംഗ്ലണ്ടിലെ അഞ്ചു ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ ഇന്ത്യന്‍ ടീം ബയോ ബബ്ള്‍ സുരക്ഷയിലാകും. അതില്‍ നിന്ന് പുറത്തു കടക്കാതെ ടീം യു.എ.ഇയിലേക്ക് യാത്ര ചെയ്യുന്ന രീതിയിലാണ് ബിസിസിഐ പദ്ധതി ഒരുക്കുന്നത്. 

ഓഗസ്റ്റ് 28 മുതല്‍ സെപ്റ്റംബര്‍ 19 വരെ നടക്കുന്ന കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ചെറിയ മാറ്റങ്ങള്‍ വരുത്താനും ബി.സി.സി.ഐ ആവശ്യപ്പെട്ടേക്കും. ഈ ലീഗില്‍ കളിക്കുന്ന വിദേശ താരങ്ങള്‍ക്ക് കൂടി ഐപിഎല്ലില്‍ പങ്കെടുക്കാനാണ് ഈ നീക്കം. 

ഐപിഎല്ലില്‍ 31 മത്സരങ്ങളാണ് ഇനി ശേഷിക്കുന്നത്. നാല് പ്ലേ ഓഫും 27 ലീഗ് മത്സരങ്ങളുമാണുള്ളത്. 21 ദിവസത്തിനുള്ളില്‍ ഇത്രയും മത്സരങ്ങള്‍ പൂര്‍ത്തിയാക്കണം. ഒമ്പതോ പത്തോ ദിവസം രണ്ടു മത്സരങ്ങള്‍ വീതമുണ്ടാകും. ഒരൊറ്റ മത്സരമുള്ള ഏഴു ദിവസവുമുണ്ടാകും. 

ആറു താരങ്ങള്‍ക്കും രണ്ട് സപ്പോര്‍ട്ട് സ്റ്റാഫിനും കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മെയ് നാലിനാണ് ഐപില്‍ നിര്‍ത്തിവെച്ചത്. മെയ് രണ്ട് വരെ നടന്ന ടൂര്‍ണമെന്റില്‍ 29 മത്സരങ്ങള്‍ പൂര്‍ത്തിയാക്കി. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ ഐപിഎല്‍ സീസണ്‍ മുഴുവനായും യു.എ.ഇലാണ് നടന്നത്.