ന്യൂഡല്‍ഹി: അടുത്തകാലത്ത് പലപ്പോഴും കളിക്കളത്തിലെ മോശം പെരുമാറ്റത്തിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്ന താരമാണ് മുംബൈ ഇന്ത്യന്‍സിന്റെ ക്രുനാല്‍ പാണ്ഡ്യ.

നേരത്തെ സയ്യിദ് മുഷ്താഖ് അലി ട്രോഫിക്ക് മുമ്പ് ബറോഡയിലെ സഹതാരം ദീപക് ഹൂഡയുമായും ക്രുനാലിന് പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ട്രെയിനിങ് സെഷനുകളില്‍ ക്രുനാല്‍ തന്നോട് മോശമായി പെരുമാറുന്നുവെന്നായിരുന്നു ഹൂഡയുടെ ആരോപണം. 

ഇപ്പോഴിതാ കഴിഞ്ഞ ദിവസം മുംബൈ ഇന്ത്യന്‍സിലെ സഹതാരം അനുകുല്‍ റോയിയോടുള്ള ക്രുനാലിന്റെ പെരുമാറ്റവും വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തുകയാണ്.

കഴിഞ്ഞ ദിവസം രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തിനിടെയായിരുന്നു സംഭവം. മത്സരത്തില്‍ കിറോണ്‍ പൊള്ളാര്‍ഡിനും ഹാര്‍ദിക് പാണ്ഡ്യയ്ക്കും മുമ്പ് ക്രുനാലിനെ മുംബൈ ബാറ്റിങ്ങിനിറക്കിയിരുന്നു. മത്സരത്തിന്റെ 15-ാം ഓവറില്‍ ഒരു റണ്ണൗട്ട് ഒഴിവാക്കാന്‍ ക്രുനാല്‍ ക്രീസിലേക്ക് ഡൈവ് ചെയ്തു. തൊട്ടുപിന്നാലെ അദ്ദേഹം ഡഗ്ഔട്ടിലേക്ക് ചൂണ്ടി കൈയില്‍ പുരട്ടുന്നതിനായി മോയിസ്ചറൈസര്‍ കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു.

സഹതാരം അനുകുല്‍ റോയിയാണ് മോയിസ്ചറൈസര്‍ കൊണ്ടുവന്നത്. ഇത് കൈയില്‍ പുരട്ടിയ ശേഷം റോയിയെ തിരിഞ്ഞ് പോലും നോക്കാതെ ക്രുനാല്‍ റോയിക്ക് നേരെ മോയിസ്ചറൈസര്‍ വലിച്ചെറിയുകയായിരുന്നു. മോയിസ്ചറൈസര്‍ തിരികെ കൈയില്‍ കൊടുക്കേണ്ടതിന് പകരം എറിഞ്ഞുനല്‍കിയ ക്രുനാലിന്റെ പ്രവൃത്തിക്കെതിരേ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനമുയരുന്നുണ്ട്. 

എങ്കിലും മത്സരത്തില്‍ 26 പന്തില്‍ നിന്ന് രണ്ട് വീതം സിക്‌സും ഫോറുമടക്കം 39 റണ്‍സെടുത്ത് മുംബൈയുടെ വിജയത്തില്‍ ഭേദപ്പെട്ട സംഭാവന നല്‍കാന്‍ ക്രുനാലിനായി.

Content Highlights: IPL 2021 Krunal Pandya Disgusting On-Field Antics