ബെംഗളൂരു: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഇന്ത്യന്‍ താരം പ്രസിദ്ധ് കൃഷ്ണയ്ക്ക് കോവിഡ്. രോഗം പിടിപെടുന്ന നാലാമത്തെ കൊല്‍ക്കത്ത താരമാണ് പ്രസിദ്ധ്. അതേസമയം ന്യൂസീലന്‍ഡിനെതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍, പിന്നാലെ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര എന്നിവയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ സ്റ്റാന്‍ഡ് ബൈ ആയി തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെയാണ് താരം കോവിഡ് ബാധിതനാകുന്നത്. 

ഐ.പി.എല്‍. താത്കാലികായി റദ്ദാക്കിയ ശേഷം വീട്ടില്‍ തിരിച്ചെത്തിയതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് താരം കോവിഡ് പോസിറ്റീവാകുന്നത്. പ്രസിദ്ധ് വീട്ടില്‍ തന്നെ ഐസൊലേഷനിലാണ്. 

നേരത്തെ ബയോ ബബിളിനുള്ളില്‍ കൊല്‍ക്കത്ത താരങ്ങളായ വരുണ്‍ ചക്രവര്‍ത്തിക്കും സന്ദീപ് വാര്യര്‍ക്കും കോവിഡ് ബാധിച്ചതിനു പിന്നാലെയാണ് ഐ.പി.എല്‍ താത്കാലികമായി നിര്‍ത്തിവെയ്ക്കാന്‍ ബി.സി.സി.ഐ തീരുമാനമെടുത്തത്. ഇതിനു പിന്നാലെ കൊല്‍ക്കത്ത താരം ടിം സെയ്‌ഫെര്‍ട്ടിനും രോഗം സ്ഥിരീകരിച്ചിരുന്നു.

നേരത്തെ രണ്ടു തവണ താരത്തെ കോവിഡ് പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നെങ്കിലും ഫലം നെഗറ്റീവായിരുന്നു. ഇതോടെ മറ്റ് ടീം അംഗങ്ങള്‍ക്കൊപ്പം പ്രസിദ്ധും നാട്ടിലേക്ക് മടങ്ങുകയായിരുന്നു.

Content Highlights: IPL 2021 KKR player Prasidh Krishna tests positive for Covid-19