മുംബൈ: ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ തോല്‍വിക്ക് പിന്നാലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന് പിഴ ശിക്ഷ.

മത്സരത്തിലെ കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ 12 ലക്ഷം രൂപയാണ് മോര്‍ഗന് പിഴയായി വിധിച്ചത്. 

ചെന്നൈ ബാറ്റ്‌സ്മാന്‍മാരുടെ വെടിക്കെട്ട് പ്രകടനത്തിനിടെ ബൗളിങ് കോമ്പിനേഷന്‍ നിര്‍ണയിക്കുന്നതിനും ഫീല്‍ഡ് സെറ്റ് ചെയ്യുന്നതിനുമായി ആവശ്യത്തിലേറെ സമയം മോര്‍ഗന്‍ എടുത്തു. ഇതോടെ 90 മിനുട്ടിനുള്ളില്‍ ഇന്നിങ്സ് പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ വന്നതോടെയാണ് പിഴ ശിക്ഷ ലഭിച്ചത്.

ഐ.പി.എല്‍ പതിനാലാം സീസണില്‍ കുറഞ്ഞ ഓവര്‍ നിരക്കിന് ശിക്ഷിക്കപ്പെടുന്ന മൂന്നാമത്തെ ക്യാപ്റ്റനാണ് മോര്‍ഗന്‍. നേരത്തെ മുംബൈ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കും ചെന്നൈ ക്യാപ്റ്റന്‍ ധോനിക്കും 12 ലക്ഷം രൂപ പിഴ വിധിച്ചിരുന്നു.

ഇനിയും മോര്‍ഗന്‍ കുറഞ്ഞ ഓവര്‍ നിരക്കിന് ശിക്ഷിക്കപ്പെട്ടാല്‍ 24 ലക്ഷം രൂപയാകും പിഴ. മാത്രമല്ല ടീമിലെ സഹതാരങ്ങളും മാച്ച് ഫീയുടെ 25 ശതമാനം പിഴയായി നല്‍കേണ്ടി വരും. മൂന്നാം തവണയും ആവര്‍ത്തിച്ചാല്‍ ക്യാപ്റ്റന് 30 ലക്ഷം രൂപ പിഴയും ഒരു മത്സരത്തില്‍ വിലക്കും നേരിടേണ്ടി വരും.

Content Highlights: IPL 2021 KKR captain Eoin Morgan fined Rs 12 lakh for slow over-rate