ന്യൂഡല്‍ഹി: ഡല്‍ഹി ഡിസ്ട്രിക്റ്റ് ക്രിക്കറ്റ് അസോസിയേഷന്റെ (ഡി.ഡി.സി.എ) അഞ്ച് ഗ്രൗണ്ട് സ്റ്റാഫിന് കോവിഡ് സ്ഥിരീകരിച്ചു. 

ഐ.പി.എല്‍ മത്സരങ്ങള്‍ നടക്കുന്ന ഡല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലെ ഗ്രൗണ്ട് സ്റ്റാഫുകളാണ് ഇവര്‍. രോഗം ബാധിച്ച ജീവനക്കാര്‍ ഐസൊലേഷനിലാണ്. 

രണ്ട് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരങ്ങള്‍ക്കും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ബസ് ഡ്രൈവറടക്കമുള്ള മൂന്ന് ജീവനക്കാര്‍ക്കും കോവിഡ് സ്ഥിരീകരിച്ച അതേ ദിവസമാണ് ഇപ്പോള്‍ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലെ ഗ്രൗണ്ട് സ്റ്റാഫിനും രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 

മേയ് എട്ടുവരെ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ ഐ.പി.എല്‍ മത്സരങ്ങളുണ്ട്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരങ്ങളായ വരുണ്‍ ചക്രവര്‍ത്തിക്കും മലയാളി താരം സന്ദീപ് വാര്യര്‍ക്കുമാണ് നേരത്തെ കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കൊല്‍ക്കത്തയും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മില്‍ നടക്കേണ്ടിയിരുന്ന മത്സരവും മാറ്റിവെച്ചിട്ടുണ്ട്.

ഇതിനു പിന്നാലെ രണ്ട് ജീവനക്കാര്‍ക്കും ബസ് ഡ്രൈവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചതോടെ ബുധനാഴ്ചത്തെ മത്സരത്തിനു മുമ്പുള്ള പരീശീലനം ചെന്നൈ സൂപ്പര്‍ കിങ്സ് ടീം റദ്ദാക്കിയിട്ടുണ്ട്.

Content Highlights: IPL 2021 Five DDCA Ground Staff Tested Positive For COVID-19