ദുബായ്: ഐപിഎല്‍ പതിനാലാം സീസണ്‍ ഫൈനലിന് മുമ്പ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മുന്‍ ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമിന് പരസ്യമായി പിന്തുണ അറിയിച്ചിരുന്നു. മകള്‍ക്കൊപ്പം ചെന്നൈ ജഴ്‌സി ധരിച്ച് നില്‍ക്കുന്ന ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തായിരുന്നു വാര്‍ണറിന്റെ പിന്തുണ. വാര്‍ണറുടെ തോളില്‍ മകള്‍ ഇരിക്കുന്നതാണ് ഈ ചിത്രം.

ഇന്നത്തെ മത്സരത്തില്‍ ആര് ജയിക്കുമെന്ന് അറിയില്ല, എന്നാല്‍ ഈ ഫോട്ടോ പോസ്റ്റ് ചെയ്യാന്‍ പറഞ്ഞ ആരാധികയോട് പറ്റില്ലെന്ന് പറയാന്‍ കഴിഞ്ഞില്ലെന്ന കുറിപ്പോടെയാണ് വാര്‍ണര്‍ ചിത്രം പങ്കുവെച്ചത്. ചെന്നൈ ആരാധികയായ വാര്‍ണറുടെ മകള്‍ എഡിറ്റ് ചെയ്ത ചിത്രമാണിത്. 

എന്നാല്‍ ഹൈദരാബാദ് ആരാധകരുടെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് വാര്‍ണര്‍ ഈ ചിത്രം പിന്നീട് പിന്‍വലിച്ചു. ഹൈദരാബാദ് ജഴ്‌സിയിലുള്ള യഥാര്‍ഥ ചിത്രം പങ്കുവെയ്ക്കുകയും ചെയ്തു. ഇതാണ് യഥാര്‍ഥ ചിത്രമെന്നും ഒരുപാട് ആരാധകര്‍ ആദ്യ പോസ്റ്റില്‍ അസ്വസ്തരായതിനാലാണ് പുതിയ ചിത്രം ഇടുന്നതെന്നും വാര്‍ണര്‍ കുറിച്ചു.

Content Highlights: IPL 2021 David Warner posts picture in CSK jersey deletes and uploads the original in SRH jersey