കാന്‍ബറ: ഇന്ത്യയില്‍ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഐ.പി.എല്ലില്‍ കളിക്കുന്ന ഓസ്‌ട്രേലിയന്‍ താരങ്ങളെ ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ നാട്ടിലേക്ക് തിരികെയെത്തിക്കാന്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയക്ക് നിലവില്‍ പദ്ധതിയില്ലെന്ന് തലവന്‍ നിക്ക് ഹോക്ക്‌ലി. 

നിലവിലെ ഐ.പി.എല്‍ ബയോ ബബിളില്‍ ഓസീസ് താരങ്ങള്‍ സുരക്ഷിതരാണെന്നും ഹോക്ക്‌ലി കൂട്ടിച്ചേര്‍ത്തു. 

മേയ് 30-ന് ടൂര്‍ണമെന്റ് അവസാനിച്ച ശേഷം ഓസ്‌ട്രേലിയന്‍ താരങ്ങളെ തിരികെയെത്തിക്കാന്‍ ചാര്‍ട്ടേര്‍ഡ് വിമാനം ഏര്‍പ്പെടുത്തണമെന്ന് മുംബൈ ഇന്ത്യന്‍സിന്റെ ഓസീസ് താരം ക്രിസ് ലിന്‍ നേരത്തെ ക്രിക്കറ്റ് ഓസ്‌ട്രേലിയയോട് അഭ്യര്‍ഥിച്ചിരുന്നു. 

എന്നാല്‍ ഇപ്പോള്‍ താരങ്ങളെ ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ തിരികെയെത്തിക്കുന്ന കാര്യം പരിഗണനയിലില്ലെന്ന് ഒരു മെല്‍ബണ്‍ റേഡിയോ സ്‌റ്റേഷന് അനുവദിച്ച അഭിമുഖത്തില്‍ ഹോക്ക്‌ലി വ്യക്തമാക്കി. നിലവിലെ സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നുണ്ടെന്നും ഒരു തീരുമാനം ഉണ്ടാകുമെന്നും പറഞ്ഞ ഹോക്ക്‌ലി അത് പെട്ടെന്നാകില്ലെന്നും കൂട്ടിച്ചേര്‍ത്തു. 

അതേസമയം അടുത്തിടെ 14 ദിവസത്തോളം ഇന്ത്യയില്‍ കഴിഞ്ഞ് മടങ്ങുന്ന സ്വന്തം പൗരന്‍മാര്‍ക്ക് ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ താത്കാലിക വിലക്കേര്‍പ്പെടുത്തിയിരുന്നു. ഈ നിയമം ലംഘിക്കുന്നവര്‍ അഞ്ചു വര്‍ഷം വരെ ജയിലില്‍ കഴിയേണ്ടി വരികയും കനത്ത പിഴയും നല്‍കേണ്ടി വരും. 

ആദ്യമായാണ് സ്വന്തം രാജ്യത്തേക്ക് പൗരന്‍മാര്‍ തിരികെ വരുന്നത് ക്രിമിനല്‍ കുറ്റമായി പരിഗണിക്കുന്ന രീതിയിലുള്ള താത്ക്കാലിക തീരുമാനം ഓസ്ട്രേലിയ കൈക്കൊള്ളുന്നത്.

തിങ്കളാഴ്ച മുതല്‍ വിലക്ക് പ്രാബല്യത്തില്‍ വരും. മെയ് 3-ന് ശേഷം ഓസ്ട്രേലിയയില്‍ എത്തിച്ചേരുന്നതിന് 14 ദിവസത്തിനുള്ളില്‍ ഇന്ത്യയില്‍ തങ്ങിയ ആര്‍ക്കും രാജ്യത്തേക്ക് പ്രവേശനമുണ്ടാകില്ലെന്ന് അധികൃതര്‍ അറിയിച്ചു.

പതിനാലോളം ഓസ്ട്രേലിയന്‍ പൗരന്‍മാര്‍ ഐ.പി.എല്ലില്‍ വിവിധ ടീമുകളുടെ ഭാഗമായിട്ടുണ്ട്. കളിക്കാരെ കൂടാതെ റിക്കി പോണ്ടിങ്, ഡേവിഡ് ഹസ്സി, ബ്രെറ്റ് ലീ, മാത്യു ഹെയ്ഡന്‍ തുടങ്ങിയ മുന്‍ ഓസീസ് താരങ്ങളും വിവിധ ഐ.പി.എല്‍ ഫ്രാഞ്ചൈസികളുടെ കോച്ചിങ്, സപ്പോര്‍ട്ടിങ് സ്റ്റാഫ്, ടിവി കമന്ററി ടീം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ഐ.പി.എല്ലിന്റെ ഭാഗമായിരുന്ന ആദം സാംപ, ആന്‍ഡ്രു ടൈ, കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍ എന്നിവര്‍ ഈ നിരോധനം പ്രഖ്യാപിക്കുന്നതിന് മുമ്പു തന്നെ ഓസ്‌ട്രേലിയയിലേക്ക് തിരികെ പോയിരുന്നു.

Content Highlights: IPL 2021 currently has no plans to bring back Australian players says CA chief