ചെന്നൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ബാറ്റിങ് പരിശീലകനും മുന്‍ ഓസ്‌ട്രേലിയന്‍ താരവുമായ മൈക്കല്‍ ഹസ്സിയും കോവിഡ് പോസിറ്റീവ്. നേരത്തെ ചെന്നൈയുടെ ബൗളിങ് കോച്ച് എല്‍ ബാലാജി കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് ഹസ്സിയും പോസിറ്റീവ് ആയത്.

ചൊവ്വാഴ്ച്ചയാണ് ഹസ്സിയുടെ പരിശോധനാഫലം വന്നത്. വീണ്ടും പരിശോധനയ്ക്ക് അയച്ചെങ്കിലും റിസള്‍ട്ട് പോസിറ്റീവ് തന്നെ ആയിരുന്നു എന്ന് ഐപിഎല്‍ വൃത്തങ്ങള്‍ വാര്‍ത്താ ഏജന്‍സി ആയ പി.ടി.ഐയോട് പ്രതികരിച്ചു.

ഐപിഎല്ലില്‍ ആകെയുള്ള എട്ടു ടീമുകളില്‍ നാലിലും കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ടൂര്‍ണമെന്റ് അനിശ്ചിതകാലത്തേയ്ക്ക് നിര്‍ത്തിവെച്ചിരുന്നു. ആദ്യം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലെ സന്ദീപ് വാര്യര്‍ക്കും വരുണ്‍ ചക്രവര്‍ത്തിയ്ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. പിന്നാലെ ബാലാജി പോസിറ്റീവ് ആയി. കഴിഞ്ഞ ദിവസം സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരം വൃദ്ധിമാന്‍ സാഹയും ഡല്‍ഹി ക്യാപിറ്റല്‍സ് താരം അമിത് മിശ്രയും കോവിഡ് പോസിറ്റീവ് ആയി. ഇതോടെ ഐപിഎല്‍ നിര്‍ത്തിവെച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം വന്നു.

Content Highlights:IPL 2021: CSK batting coach Mike Hussey tests positive for COVID-19