ചെന്നൈ: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 10 റണ്‍സിന്റെ തോല്‍വി വഴങ്ങിയിരുന്നു. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച അബ്ദുള്‍ സമദിനും ഹൈദരാബാദിനെ വിജയത്തിലെത്തിക്കാനായില്ല.

മത്സരം പരാജയപ്പെട്ടതിനു പിന്നാലെ ബാറ്റിങ് ഓര്‍ഡറില്‍ അബ്ദുള്‍ സമദിനു മുമ്പ് വിജയ് ശങ്കറെ ഇറക്കിയ ഹൈദരാബാദിന്റെ തീരുമാനം തിരിച്ചടിയായെന്ന് പൊതുവെ വിലയിരുത്തലുണ്ടായി. 

ഇപ്പോഴിതാ അബ്ദുള്‍ സമദിനു മുമ്പ് വിജയ് ശങ്കറെ ഇറക്കാനുണ്ടായ തീരുമാനത്തിനു പിന്നിലെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് ഹൈദരാബാദ് കോച്ച് ട്രെവര്‍ ബെയ്‌ലിസ്സ്.

വിജയ് ശങ്കര്‍ ഏഴു പന്തില്‍ നിന്ന് 11 റണ്‍സ് മാത്രം നേടിയപ്പോള്‍ അബ്ദുള്‍ സമദ് എട്ടു പന്തില്‍ നിന്ന് 19 റണ്‍സ് അടിച്ചെടുത്തിരുന്നു. പാറ്റ് കമ്മിന്‍സിനെതിരേ 19-ാം ഓവറില്‍ നേടിയ രണ്ട് സിക്‌സുകളും ഇതില്‍ ഉള്‍പ്പെടുന്നു. 

വിജയ് ശങ്കറെ നേരത്തെ ഇറക്കിയത് പരിശീലന മത്സരങ്ങളിലെ താരത്തിന്റെ ഫോം പരിഗണിച്ചാണെന്നാണ് ബെയ്‌ലിസ്സ് പറഞ്ഞത്. 

ഏതാനും ദിവസം മുമ്പ് നടത്തിയ സന്നാഹ മത്സരത്തില്‍ വിജയ് ആയിരുന്നു മികച്ച പ്രകടനം കാഴ്ച വെച്ചതെന്നും 95 റണ്‍സാണ് താരം അടിച്ചെടുത്തതെന്നും ബെയ്‌ലിസ്സ് പറഞ്ഞു.

Content Highlights: IPL 2021 Coach Trevor Bayliss Explains Why Vijay Shankar Batted Ahead Of Abdul Samad