മുംബൈ: നാല്‍പ്പതാം വയസില്‍ മികച്ച ബാറ്റിങ് പ്രകടനം പുറത്തെടുക്കുകയെന്ന കാര്യം തനിക്ക് ഉറപ്പ് നല്‍കാനാകില്ലെന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ എം.എസ് ധോനി.

രാജസ്ഥാന്‍ റോയല്‍സിനെതിരേ തിങ്കളാഴ്ച നടന്ന മത്സരത്തില്‍ ബാറ്റിങ്ങില്‍ ധോനിയുടെ മെല്ലെപ്പോക്ക് ചര്‍ച്ചയായിരുന്നു. ഇതിനു പിന്നാലെ മത്സര ശേഷം സംസാരിക്കുമ്പോഴാണ് തന്റെ മെല്ലെപ്പോക്കിനെ കുറിച്ചും നാല്‍പ്പതാം വയസില്‍ മികച്ച പ്രകടനം ഉറപ്പ് നല്‍കാനാകില്ലെന്നതിനെ കുറിച്ചും ധോനി സംസാരിച്ചത്. 

രാജസ്ഥാനെതിരേ ധോനി ഏഴാം നമ്പറിലാണ് ബാറ്റിങ്ങിന് ഇറങ്ങിയത്. ആ സമയം ഓവറില്‍ ഒമ്പത് റണ്‍സെന്ന നിലയിലായിരുന്നു സൂപ്പര്‍ കിങ്‌സ് സ്‌കോര്‍ ചെയ്തിരുന്നത്. എന്നാല്‍ ധോനിക്ക് അക്കൗണ്ട് തുറക്കാന്‍ തന്നെ ആറ് പന്തുകള്‍ വേണ്ടിവന്നു. ഒടുവില്‍ 17 പന്തില്‍ നിന്ന് 18 റണ്‍സെടുത്താണ് ധോനി പുറത്തായത്. 

''ഞങ്ങള്‍ക്ക് കുറച്ചുകൂടി റണ്‍സ് നേടിയേനെ എന്നാണ് എനിക്ക് തോന്നുന്നത്. ഞാന്‍ നേരിട്ട ആദ്യ ആറു പന്തുകള്‍ ഒരുപക്ഷേ, മറ്റൊരു മത്സരത്തില്‍ ഞങ്ങള്‍ക്ക് വിനയായേക്കാം. അത് സത്യമാണ്. പക്ഷേ കളിക്കുന്ന സമയത്ത് കായികക്ഷമതയില്ലെന്ന് ആരെങ്കിലും പറയുന്നതിനേക്കാള്‍ ഭേദമല്ലേ അത്. ഉറപ്പ് നല്‍കാന്‍ സാധിക്കാത്ത ഒന്നാണ് പ്രകടനം എന്ന് പറയുന്നത്. എനിക്ക് 24 വയസുള്ളപ്പോള്‍ മികച്ച പ്രകടനം നടത്താമെന്ന് ഞാന്‍ ഉറപ്പ് കൊടുത്തിട്ടില്ല, 40-ാം വയസിലും അത് ഉറപ്പ് നല്‍കാനാകില്ല.'' - ധോനി പറഞ്ഞു.

ഈ പ്രായത്തില്‍ കളിക്കാനുള്ള കായികക്ഷമതയില്ലെന്ന് ആരെക്കൊണ്ടും പറയിപ്പിക്കാത്തത് എന്നെ സംബന്ധിച്ച് വലിയൊരു കാര്യമാണ്. യുവതാരങ്ങള്‍ക്കൊപ്പം കായികക്ഷമതയുടെ കാര്യത്തില്‍ പിടിച്ചുനില്‍ക്കാന്‍ താന്‍ കഠിനാധ്വാനം ചെയ്യുന്നുണ്ടെന്നും ധോനി കൂട്ടിച്ചേര്‍ത്തു.

Content Highlights: IPL 2021 Can t guarantee performances when I am 40 says MS Dhoni