അബൂദാബി:  ക്രിസ് ഗെയ്‌ലിനെ പോലൊരു സൂപ്പര്‍ താരത്തെ അദ്ദേഹം അര്‍ഹിക്കുന്ന രീതിയില്‍ കൈകാര്യം ചെയ്യാന്‍ പഞ്ചാബ് കിങ്‌സ് ടീമിന് കഴിഞ്ഞില്ലെന്നും അതുകൊണ്ടാണ് ഗെയ്ല്‍ ഐപിഎല്‍ ഉപേക്ഷിച്ച് മടങ്ങിയതെന്നും മുന്‍ ഇംഗ്ലണ്ട് താരവും കമന്റേറ്ററുമായ കെവിന്‍ പീറ്റേഴ്‌സണ്‍. ജന്മദിനത്തിന്റെ അന്നുപോലും ഗെയ്‌ലിനെ കളത്തിലിറക്കിയില്ലെന്നും പീറ്റേഴ്‌സണ്‍ ചൂണ്ടിക്കാട്ടുന്നു.

ഐപിഎല്ലിലെ ബയോ ബബ്ള്‍ സംവിധാനം മടുത്തെന്നും ട്വന്റി-20 ലോകകപ്പില്‍ വെസ്റ്റിന്‍ഡീസിനായി കളത്തിലിറങ്ങും മുമ്പ് വിശ്രമം ആവശ്യമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഗെയ്ല്‍ ടീം വിട്ടത്. ഈ സീസണില്‍ 10 മത്സരങ്ങളില്‍ നിന്ന് പഞ്ചാബിനായി 193 റണ്‍സാണ് ഗെയ്ല്‍ നേടിയത്.

ഐപിഎല്‍ രണ്ടാം ഘട്ടം യു.എ.ഇയില്‍ തുടങ്ങിയശേഷം ഗെയ്‌ലിന്റെ ജന്മദിനത്തിലായിരുന്നു പഞ്ചാബിന്റെ ആദ്യ മത്സരം. അന്ന് ഗെയ്‌ലിന് കളിക്കാന്‍ അവസരം ലഭിച്ചില്ല. 

'പഞ്ചാബ് കിങ്‌സ് ഗെയ്‌ലിനെ വേണ്ടരീതിയില്‍ കൈകാര്യം ചെയ്തില്ല. തന്നെ ഉപയോഗിച്ച ശേഷം അകലം പാലിക്കുന്നതായി ഗെയ്‌ലിന് തോന്നാന്‍ സാധ്യതയുണ്ട്. ജന്മദിനത്തിന്റെ അന്നുപോലും ഗെയ്‌ലിനെ കളത്തിലിറക്കിയില്ല. അദ്ദേഹത്തിന് ഇപ്പോള്‍ 42 വയസ്സ് ആയില്ലേ, സന്തോഷം കണ്ടെത്താന്‍ സാധിക്കുന്നില്ലെങ്കില്‍ അദ്ദേഹം ആഗ്രഹിക്കുന്ന രീതിയിലേക്ക് വിട്ടേക്കുക'-പീറ്റേഴ്‌സണ്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു. 

2019 സീസണില്‍ പഞ്ചാബിനായി വെസ്റ്റിന്‍ഡീസ് താരം അടിച്ചുകൂട്ടിയത് 490 റണ്‍സാണ്. എന്നാല്‍ കഴിഞ്ഞ സീസണിലെ ആദ്യ ഏഴു മത്സരങ്ങളില്‍ താരത്തെ പുറത്തിരുത്തി. അതില്‍ ആറു മത്സരങ്ങളിലും ടീം തോറ്റു. പിന്നീട് കളിച്ച ഏഴു മത്സരങ്ങളില്‍ നിന്ന് 288 റണ്‍സ് അടിച്ചുകൂട്ടി. 

Content Highlights: IPL 2021 BIG claim by Kevin Pietersen Chris Gayle Punjab Kings