ദുബായ്: ഐ.പി.എല്‍ ടീം പഞ്ചാബ് കിങ്‌സ് താരം ദീപക് ഹൂഡയ്‌ക്കെതിരേ ബി.സി.സി.ഐയുടെ അഴിമതി വിരുദ്ധ വിഭാഗം അന്വേഷണം നടത്തും. ഒത്തുകളി ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഹൂഡയ്‌ക്കെതിരേ ബി.സി.സി.ഐ അന്വേഷണം പ്രഖ്യാപിച്ചത്.

ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ പഞ്ചാബ് കിങ്‌സിന്റെ മത്സരത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഹൂഡ സോഷ്യല്‍ മീഡിയയില്‍ തന്റെ ചിത്രം പങ്കുവെച്ചിരുന്നു. ടീം ഹെല്‍മെറ്റ് തലയില്‍വെച്ചുള്ള ചിത്രത്തിന് 'ഹിയര്‍ വി ഗോ'  എന്ന ക്യാപ്ഷനാണ് ഹൂഡ നല്‍കിയത്. ടീമിനെ പ്രഖ്യാപിക്കുന്നതിന് മുമ്പു തന്നെ താന്‍ ടീമില്‍ ഉണ്ടെന്ന സൂചനയാണ് ഹൂഡ ഇതിലൂടെ നല്‍കിയതെന്ന് ആരാധകര്‍ പറയുന്നു. 

പ്ലെയിങ് ഇലവനെ കുറിച്ച് മത്സരത്തിന് മുമ്പ് ഒരു സൂചനയും നല്‍കരുതെന്നാണ് ചട്ടം. സോഷ്യല്‍ മീഡിയയില്‍ ആരാധകരുമായി ഇടപഴകുന്നതില്‍ കളിക്കാര്‍ക്ക് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും ബി.സി.സി.ഐ വ്യക്തമാക്കുന്നു. എന്നാല്‍ ഇതെല്ലാം പഞ്ചാബിന്റെ ഓള്‍റൗണ്ടറായ ഹൂഡ ലംഘിക്കുകയായിരുന്നു.

Content Highlights: IPL 2021 BCCI ACU to Investigate PBKS All rounder Deepak Hoodas Social Media Post