ന്യൂഡല്‍ഹി: താരങ്ങള്‍ക്ക് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് താത്കാലികമായി റദ്ദാക്കിയ ഐ.പി.എല്ലിന്റെ 14-ാം സീസണ്‍ പൂര്‍ത്തിയാക്കാനായില്ലെങ്കില്‍ 2500-ഓളം കോടി രൂപയുടെ നഷ്ടമാണ് സംഭവിക്കുകയെന്ന് ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി.

കൂടുതല്‍ താരങ്ങള്‍ രോഗബാധിതരായതോടെയാണ് ഐ.പി.എല്‍ അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവെയ്ക്കുന്നതായി ബി.സി.സി.ഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല പ്രഖ്യാപിച്ചത്. സണ്‍റൈസേഴ്‌സ് ബാറ്റ്‌സ്മാന്‍ വൃദ്ധിമാന്‍ സാഹ, ഡല്‍ഹി ക്യാപിറ്റല്‍സ് ബൗളര്‍ അമിത് മിശ്ര, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരങ്ങളായ വരുണ്‍ ചക്രവര്‍ത്തി, സന്ദീപ് വാര്യര്‍ എന്നിവര്‍ക്കായിരുന്നു കോവിഡ് സ്ഥിരീകരിച്ചത്. 

ഇപ്പോഴിതാ റദ്ദാക്കിയ ഐ.പി.എല്‍ പൂര്‍ത്തിയാക്കാന്‍ ഈ കലണ്ടര്‍ വര്‍ഷത്തില്‍ തന്നെ ഒരു വിന്‍ഡോ കണ്ടെത്താനുള്ള ശ്രമത്തിലാണ് ബി.സി.സി.ഐ എന്നാണ് റിപ്പോര്‍ട്ട്. 

''ഐ.പി.എല്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ലെങ്കില്‍ നഷ്ടം ഏകദേശം 2500 കോടി രൂപയോളം വരും. ഐ.പി.എല്‍ റദ്ദാക്കിയിട്ട് ദിവസങ്ങള്‍ മാത്രമേ കഴിഞ്ഞുള്ളൂ. മറ്റ് ക്രിക്കറ്റ് ബോര്‍ഡുകളുമായി സംസാരിച്ച് ടി20 ലോകകപ്പിന് മുമ്പ് ഒരു വിന്‍ഡോ കണ്ടെത്താന്‍ സാധിക്കുമോ എന്ന ശ്രമത്തിലാണ്.'' - ഗാംഗുലി പറഞ്ഞു.

Content Highlights:  If we fail to complete the IPL the loss will be close to INR 2500 crore says Sourav Ganguly