വെല്ലിങ്ടണ്‍: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അനിശ്ചിതകാലത്തേക്ക് മാറ്റിവെച്ച ഐ.പി.എല്‍ പുനരാരംഭിക്കുകയാണെങ്കില്‍ തിരിച്ചുവരാന്‍ തയ്യാറാണെന്ന് ന്യൂസീലന്റ് ക്രിക്കറ്റ് താരം ജെയിംസ് നീഷാം. 

ഐപിഎല്‍ എന്താണെന്ന് അറിഞ്ഞിട്ട് തന്നെയാണ് ഞാന്‍ കരാറൊപ്പിട്ടത്. ടൂര്‍ണമെന്റ് അവസാനിക്കുന്നതിന് മുമ്പ് സ്വയം പിന്മാറേണ്ടി വരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. ഐപിഎല്‍ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് പലര്‍ക്കും വ്യത്യസ്ത അഭിപ്രായമായിരിക്കാം. പക്ഷേ എനിക്ക് ഇത് ജോലിയാണ്. ഞാന്‍ ഒരു പ്രൊഫഷണല്‍ താരമാണ്. അതുകൊണ്ട് താത്പര്യമില്ലാത്ത രാജ്യങ്ങളിലേക്കും യാത്ര ചെയ്യേണ്ടിവരും. അതു ജോലിയുടെ ഭാഗമാണ്. നീഷാം പറയുന്നു.

'വാക്‌സിനേഷന്‍ തുടങ്ങിയാല്‍ ഞാന്‍ ഇനിയും കരാര്‍ ഒപ്പിടാന്‍ തയ്യാറാണ്. ഐപിഎല്‍ ഇത്രയും വേഗത്തില്‍ നിര്‍ത്തിവെയ്‌ക്കേണ്ടി വരുമെന്ന് ആരും കരുതിക്കാണില്ല'-നീഷാം കൂട്ടിച്ചേര്‍ത്തു.

ഐപിഎല്‍ വീണ്ടും തുടങ്ങിയാല്‍ അതു ഇന്ത്യയിലാകുമോ എന്ന് തനിക്ക് സംശയമുണ്ടെന്നും ഈ വര്‍ഷം അവസാനം നടക്കേണ്ട ട്വന്റി-20 ലോകകപ്പിന്റെ വേദി ഇന്ത്യയില്‍ നിന്ന് മാറ്റാന്‍ പദ്ധതി നടക്കുന്നുണ്ടെന്നും നീഷാം പറയുന്നു.

Content Highlights: If IPL does restart I doubt it would be in India again says James Neesham