ദുബായ്: എം.എസ് ധോനി ഈ ഗെയിം കണ്ട എക്കാലത്തെയും മികച്ച ഫിനിഷര്‍മാരില്‍ ഒരാളാണെന്ന് ഡല്‍ഹി ക്യാപ്പിറ്റല്‍സ് പരിശീലകന്‍ റിക്കി പോണ്ടിങ്. ധോനിക്കെതിരേ കഴിയുന്നത്ര നന്നായി പന്തെറിയാന്‍ തങ്ങള്‍ക്ക് സാധിച്ചില്ലെന്നും അതിന് കൊടുക്കേണ്ടി വന്ന വില വളരെ വലുതായിരുന്നുവെന്നും പോണ്ടിങ് കൂട്ടിച്ചേര്‍ത്തു. മത്സര ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.

മത്സരത്തില്‍ ഡല്‍ഹി ഉയര്‍ത്തിയ 173 റണ്‍സ് വിജയലക്ഷ്യം അവസാന നിമിഷം ധോനിയുടെ മികവില്‍ ചെന്നൈ മറികടക്കുകയായിരുന്നു.

ടീമിന് വേണ്ടപ്പോള്‍ അര്‍ധ സെഞ്ചുറിയുമായി തിളങ്ങിയ റോബിന്‍ ഉത്തപ്പയുടെയും സീസണില്‍ മികച്ച പ്രകടനം തുടരുന്ന ഋതുരാജ് ഗെയ്ക്വാദിന്റെയും ഇന്നിങ്സുകളാണ് സൂപ്പര്‍ കിങ്സിനെ വിജയത്തോടടുപ്പിച്ചത്. 

നിര്‍ണായക ഘട്ടത്തില്‍ തന്റെ പ്രതാപകാലത്തെ അനുസ്മരിപ്പിച്ച് വെറും ആറ് പന്തുകളില്‍ നിന്ന് മൂന്ന് ഫോറിന്റെയും ഒരു സിക്‌സിന്റെയും അകമ്പടിയോടെ 18 റണ്‍സെടുത്ത് പുറത്താവാതെ നിന്ന ധോനി മത്സരം ഫിനിഷ് ചെയ്യുകയും ചെയ്തു. 

''അദ്ദേഹം (ധോനി) ഒരു ഇതിഹാസം തന്നെയാണ്, ആര്‍ക്കെങ്കിലും അക്കാര്യത്തില്‍ സംശയമുണ്ടാകുമെന്ന് തോന്നുന്നില്ല. ആ സമയം ജഡേജയാണോ ധോനിയാണോ അടുത്തതായി ഇറങ്ങുകയെന്ന് ചിന്തിച്ച് ഡഗ്ഔട്ടിലിരിക്കുകയായിരുന്നു ഞങ്ങള്‍. എന്നാല്‍ ഞാന്‍ കൈ ഉയര്‍ത്തി ധോനി തന്നെ ഇപ്പോള്‍ ഉറപ്പായും ഇറങ്ങുമെന്നും കളി സ്വന്തമാക്കുമെന്നും പറഞ്ഞു.'' - പോണ്ടിങ് പറഞ്ഞു.

''(ധോനിക്കെതിരേ) ഞങ്ങള്‍ക്ക് കാര്യങ്ങള്‍ വേണ്ടവിധത്തില്‍ ചെയ്യാന്‍ സാധിച്ചില്ല. അദ്ദേഹത്തിനെതിരേ ഒന്ന് പിഴച്ചാല്‍ അതിന് വലിയ വില കൊടുക്കേണ്ടിവരുമെന്ന് അറിയാമായിരുന്നു. അദ്ദേഹം വളരെക്കാലമായി അത് ചെയ്യുന്നു. ഞങ്ങളുടെ ബൗളര്‍മാര്‍ക്ക് കൃത്യമായ ഇടത്ത് പന്തെറിയാന്‍ സാധിക്കാതെ പോയി. വിരമിക്കുമ്പോള്‍ ഈ ഗെയിം കണ്ട എക്കാലത്തെയും മികച്ച ഫിനിഷര്‍മാരില്‍ ഒരാളായി ധോനി ഓര്‍മിക്കപ്പെടും.'' - പോണ്ടിങ് കൂട്ടിച്ചേര്‍ത്തു.

Content Highlights: I am pretty sure Dhoni will come out now says Ricky Ponting