ദുബായ്: ഐ.പി.എല്ലില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച് ഏറ്റവുമധികം റണ്‍സ് നേടി ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കിയ യുവതാരം ഋതുരാജ് ഗെയ്ക്‌വാദിനെ അഭിനന്ദിച്ച് ഇംഗ്ലണ്ട് താരം മോയിന്‍ അലി. ഋതുരാജ് അസാമാന്യ പ്രതിഭയുള്ള താരമാണെന്ന് മോയിന്‍ പറഞ്ഞു. ഇരുവരും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ താരങ്ങളാണ്. 

' ഋതുരാജ് അസാമാന്യ പ്രതിഭയുള്ള താരമാണ്. അദ്ദേഹത്തിന് ബലഹീനതകളില്ല. ക്രിക്കറ്റിന്റെ ഏത് ഫോര്‍മാറ്റില്‍ കളിക്കാനും പറ്റിയ താരമാണ് ഋതുരാജ്. അദ്ദേഹം ഉടന്‍ തന്നെ ഇന്ത്യയ്ക്ക് വേണ്ടി കളിക്കുമെന്ന് കരുതുന്നു. സ്പിന്നര്‍മാരെയും പേസ് ബൗളര്‍മാരെയും ഒരുപോലെ നേരിടുന്ന ഋതുരാജാണ് ചെന്നൈയ്ക്ക് കിരീടം നേടിത്തന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത്. അദ്ദേഹത്തിന് എന്റെ എല്ലാവിധ ആശംസകളും'- മോയിന്‍ അലി പറഞ്ഞു. 

മത്സരത്തിനുശേഷമുള്ള വാര്‍ത്താ സമ്മേളനത്തിനിടെയാണ് മോയിന്‍ മനസ്സുതുറന്നത്. ചെന്നൈ സൂപ്പര്‍ കിങ്‌സ് കിരീടം നേടിയതില്‍ സന്തോഷമുണ്ടെന്നും ടീമിനുവേണ്ടി മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്നും മോയിന്‍ കൂട്ടിച്ചേര്‍ത്തു. 

ഫൈനലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ തകര്‍ത്താണ് ചെന്നൈ നാലാം ഐ.പി.എല്‍ കിരീടം സ്വന്തമാക്കിയത്. ടൂര്‍ണമെന്റിന്റെ തുടക്കം തൊട്ട് മികച്ച പ്രകടനം പുറത്തെടുത്താണ് ചെന്നൈ ഫൈനലിലേക്ക് മുന്നേറിയത്. 

Content Highlights:Hopefully Ruturaj will play for India one day, says Moeen Ali