ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ആദ്യമത്സരത്തിലൂടെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ ഹര്‍ഷല്‍ പട്ടേല്‍ സ്വന്തമാക്കിയത് പുതിയൊരു റെക്കോഡ്. മുംബൈ ഇന്ത്യന്‍സിനെതിരേ അഞ്ചുവിക്കറ്റ് നേടുന്ന ആദ്യ ബൗളര്‍ എന്ന റെക്കോഡാണ് ഹര്‍ഷല്‍ സ്വന്തമാക്കിയത്. 

മുംബൈയ്‌ക്കെതിരേ തകര്‍പ്പന്‍ പ്രകടനമാണ് താരം കാഴ്ചവെച്ചത്. അഞ്ചുവിക്കറ്റുകളില്‍ മൂന്നും ഹര്‍ഷല്‍ വീഴ്ത്തിയത് അവസാന ഓവറിലാണ്. അപകടകാരികളായ ക്രുനാല്‍ പാണ്ഡ്യ, കീറോണ്‍ പൊള്ളാര്‍ഡ്, മാര്‍ക്കോ ജെന്‍സണ്‍ എന്നിവരുടെ വിക്കറ്റ് അവസാന ഓവറില്‍ വീഴ്ത്തിയ ഹര്‍ഷല്‍ 16-ാം ഓവറില്‍ ഹാര്‍ദിക് പാണ്ഡ്യയെയും 18-ാം ഓവറില്‍ ഇഷാന്‍ കിഷനെയും പുറത്താക്കിയിരുന്നു. 

ഹര്‍ഷല്‍ തന്നെയാണ് മത്സരത്തിലെ മാന്‍ ഓഫ് ദ മാച്ച്. നാലോവറില്‍ വെറും 27 റണ്‍സ് മാത്രം വിട്ടുനല്‍കിയാണ് താരം അഞ്ചുവിക്കറ്റുകള്‍ വീഴ്ത്തിയത്. ആദ്യ ഓവറില്‍ നന്നായി റണ്‍സ് വഴങ്ങിയ ശേഷം അത്ഭുതകരമായി ഹര്‍ഷല്‍ തിരിച്ചുവന്നു. 

താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച ട്വന്റി 20 ബൗളിങ് പ്രകടനമാണിത്. ബാംഗ്ലൂരിനായി വിജയറണ്‍ കുറിച്ചതും ഹര്‍ല്‍ തന്നെയായിരുന്നു. അവസാന പന്തുവരെ ആവേശം നിറഞ്ഞ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ രണ്ട് വിക്കറ്റിനാണ് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് പുറത്താക്കിയത്. 

Content Highlights: Harshal Patel becomes first bowler to take fifer against Mumbai Indians