ദുബായ്: ഒക്ടോബറില്‍ ആരംഭിക്കാനിരിക്കുന്ന ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ സ്പിന്നര്‍ യൂസ്‌വേന്ദ്ര ചാഹലിനെ ഉള്‍പ്പെടുത്താത്തതില്‍ സെലക്ടര്‍മാര്‍ക്കെതിരേ വിരല്‍ചൂണ്ടി മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ്. ഇന്നലെ മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനം ചാഹല്‍ കാഴ്ചവെച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഹര്‍ഭജന്‍ രംഗത്തെത്തിയത്. 

ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്ക് പരിചയസമ്പന്നനായ ചാഹലിന് പകരം മുംബൈ ഇന്ത്യന്‍സിന്റെ സ്പിന്നര്‍ രാഹുല്‍ ചാഹറിനെയാണ് തിരഞ്ഞെടുത്തത്. ട്വന്റി 20 യില്‍ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയ താരമാണ് ചാഹല്‍. 

യു.എ.ഇയില്‍ സ്പിന്‍ ബൗളര്‍മാരെക്കാളും പേസ് ബൗളര്‍മാര്‍ക്ക് കൂടുതല്‍ ആനുകൂല്യം കിട്ടുമെന്ന കാര്യം മുന്‍നിര്‍ത്തിയാണ് സെലക്ടര്‍മാര്‍ ചാഹലിനെ ഒഴിവാക്കിയത്. ഇന്നലെ മുംബൈയ്‌ക്കെതിരായ മത്സരത്തില്‍ നാലോവറില്‍ വെറും 11 റണ്‍സ് മാത്രം വിട്ടുനല്‍കി മൂന്ന് വിക്കറ്റാണ് താരം വീഴ്ത്തിയത്. സെലക്ടര്‍മാരുടെ വായടപ്പിക്കുന്ന പ്രകടനമാണ് ചാഹല്‍ ഇന്നലെ യു.എ.ഇ മണ്ണില്‍ പുറത്തെടുത്തത്. ഇതിനുപിന്നാലെ ഹര്‍ഭജന്‍ രംഗത്തെത്തി.

'ചാഹല്‍ ഇന്നലെ വേഗതയേറിയ പന്താണോ അതോ സ്പിന്നാണോ എറിഞ്ഞത്?'- സെലക്ടര്‍മാരുടെ പിഴവ് ചൂണ്ടിക്കാട്ടി ഹര്‍ഭജന്‍ ട്വീറ്റ് ചെയ്തു. ചാഹലിനെ ടീമിലെടുക്കാത്തതില്‍ ഹര്‍ഭജന്‍ വളരെ നിരാശനായിരുന്നു. യു.എ.ഇയില്‍ വെച്ച് നടന്ന 2020 ഐ.പി.എല്ലില്‍ 21 വിക്കറ്റാണ് ചാഹല്‍ വീഴ്ത്തിയത്. 

ചാഹലിന്റെയും ഹര്‍ഷല്‍ പട്ടേലിന്റെയും പ്രകടനമികവിലാണ് ഇന്നലെ ബാംഗ്ലൂര്‍ മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്തത്. 54 റണ്‍സിനാണ് നിലവിലെ ചാമ്പ്യന്മാരെ ബാംഗ്ലൂര്‍ തകര്‍ത്തത്. 

Content Highlights: Harbhajan Singh takes a dig at Indian selectors as Yuzi stars vs MI