അബൂദാബി: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും രാജസ്ഥാന്‍ റോയല്‍സും തമ്മിലുള്ള മത്സരത്തിനിടെ അരങ്ങേറിയത് രസകരമായ സംഭവം. രാജസ്ഥാന്റെ ന്യൂസീലന്റ് താരം ഗ്ലെന്‍ ഫിലിപ്‌സാണ് ഈ സംഭവത്തിന് പിന്നില്‍. 

ഐപിഎല്‍ അരങ്ങേറ്റത്തിന് ഇറങ്ങിയ ഗ്ലെന്‍ ഫിലിപ്‌സ് സാം കറന്റെ നോ ബോളില്‍ റണ്‍സ് കണ്ടെത്താന്‍ ശ്രമിക്കുകയായിരുന്നു. രാജസ്ഥാന്റെ ഇന്നിങ്‌സിലെ 17-ാം ഓവറിലാണ് സംഭവം.

ഈ ഓവറിലെ ആദ്യ പന്ത് നേരിട്ട ശിവം ദുബെ സിംഗിളെടുത്ത് ഗ്ലെന്‍ ഫിലിപ്‌സിന് സ്‌ട്രൈക്ക് കൈമാറി. ഈ സമയത്ത് രാജസ്ഥാന് വിജയിക്കാന്‍ വേണ്ടത് 23 പന്തില്‍ 19 റണ്‍സായിരുന്നു. സാം കറന്‍ എറിഞ്ഞ രണ്ടാം പന്ത് കൈയില്‍ നിന്ന് വഴുതി ഉയര്‍ന്നുപൊങ്ങി. ഇതോടെ ഈ പന്തില്‍ ഷോട്ടുതിര്‍ക്കാനായി ഗ്ലെന്‍ ഫിലിപ്‌സ് പിന്നിലേക്ക് ഓടുകയായിരുന്നു. എന്നാല്‍ ഫിലിപ്‌സ് എത്തും മുമ്പെ പന്ത് ഗ്രൗണ്ടില്‍ വീണു. ഓടിവന്ന് ധോനി പന്തെടുക്കുകയും ചെയ്തു.

ഷോട്ട് നഷ്ടപ്പെട്ടതോടെ ചെറു ചിരിയോടെ ഫിലിപ്‌സ് ക്രീസിലേക്ക് മടങ്ങി. തൊട്ടടുത്ത പന്ത് ബൗണ്ടറിയിലേക്ക് പായിച്ച് ഫിലിപ്‌സ് തന്റെ ആദ്യ ഐപിഎല്‍ റണ്‍സ് സ്വന്തമാക്കി. ഇതേ ഓവറിലെ അവസാന പന്തില്‍ സിക്‌സറും നേടി. മത്സരത്തില്‍ എട്ടു പന്തില്‍ 14 റണ്‍സുമായി കിവീസ് താരം പുറത്താകാതെ നിന്നു.

 

Content Highlights: Glenn Phillips Hilariously Tries To Hit Sam Currans No Ball IPL 2021