ന്യൂഡല്‍ഹി: ഐ.പി.എല്‍ രണ്ടാം ഘട്ടം യു.എ.ഇയില്‍ തുടങ്ങാനിരിക്കെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് താരങ്ങളായ വിരാട് കോലിക്കും എബി ഡിവില്ലിയേഴ്‌സിനും മുന്നിലുള്ളത് വലിയ വെല്ലുവിളിയാണെന്ന് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന ഐ.പി.എല്‍ സെപ്റ്റംബര്‍ 19 മുതലാണ് യു.എ.ഇയില്‍ പുനരാരംഭിക്കുന്നത്. 

ഐപിഎല്‍ നിര്‍ത്തിവെച്ചശേഷം കോലി ടെസ്റ്റ് മത്സരങ്ങള്‍ മാത്രമാണ് കളിച്ചത്. എന്നാല്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് നേരത്തെ വിരമിച്ച ഡിവില്ലിയേഴ്‌സ് ഗ്രൗണ്ടില്‍ പോലും ഇറങ്ങിയിട്ടില്ല. ഏപ്രില്‍ 30-ന് പഞ്ചാബ് കിങ്‌സിനെതിരായ ഐ.പി.എല്‍ മത്സരത്തിലാണ് ഡിവില്ലിയേഴ്‌സ് അവസാനമായി കളിച്ചത്. 

'കോലിയും ഡിവില്ലിയേഴ്‌സും ഒരൊറ്റ ട്വന്റി-20 മത്സരം പോലും കളിക്കാതെയാണ് രണ്ടാം ഘട്ടത്തിന് എത്തുന്നത്. അവരെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ് മുന്നിലുള്ളത്. എന്നാല്‍ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് മാറാന്‍ കോലിക്ക് വളരെ വേഗത്തില്‍ കഴിയും. ബാംഗ്ലൂര്‍ പ്ലേ ഓഫിലേക്ക് യോഗ്യത നേടണമെങ്കില്‍ ഇരുതാരങ്ങളും മികച്ച പ്രകടനം തന്നെ പുറത്തെടുക്കേണ്ടി വരും'. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോ ആയ 'ഗെയിം പ്ലാനി'ല്‍ സംസാരിക്കുകയായിരുന്നു ഗംഭീര്‍.

കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് 29 മത്സരങ്ങള്‍ മാത്രമാണ് ഐപിഎല്ലില്‍ പൂര്‍ത്തിയാക്കാനായത്. ശേഷിക്കുന്ന 31 മത്സരങ്ങള്‍ക്കുള്ള സമയവും വേദിയും ബിസിസിഐ പിന്നീട് കണ്ടെത്തുകയായിരുന്നു. ഈ രണ്ടാം ഘട്ട മത്സരങ്ങള്‍ സെപ്റ്റംബര്‍ 19 മുതല്‍ ഒക്ടോബര്‍ 15 വരെ അബൂദാബി, ഷാര്‍ജ, ദുബായ്, ഒമാന്‍ എന്നീ വേദികളിലായി നടക്കും. 

സെപ്റ്റംബര്‍ 20-ന് അബൂദാബിയില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരേയാണ് രണ്ടാം ഘട്ടത്തില്‍ ബാംഗ്ലൂരിന്റെ ആദ്യ മത്സരം. ഏഴു മത്സരങ്ങളില്‍ അഞ്ചു വിജയവുമായി നിലവില്‍ മൂന്നാം സ്ഥാനത്താണ് കോലിയുടെ ടീം. എട്ടു മത്സരങ്ങളില്‍ നിന്ന് 12 പോയിന്റുള്ള ഡല്‍ഹി ക്യാപിറ്റല്‍സാണ് ഒന്നാമത്.  10 പോയിന്റുമായി ചെന്നൈ സൂപ്പര്‍ കിങ്‌സ് രണ്ടാം സ്ഥാനത്തുണ്ട്. 

Content Highlights: Gautam Gambhir feels both Virat Kohli and AB de Villiers will have a massive challenge IPL 2021