ഷാര്‍ജ: ക്രിക്കറ്റ് മത്സരങ്ങളില്‍ പലപ്പോഴും അമ്പയര്‍മാരുടെ തീരുമാനങ്ങള്‍ ടീമുകള്‍ക്ക് വിനയാകാറുണ്ട്. യു.എ.ഇയില്‍ നടക്കുന്ന ഐപിഎല്‍ രണ്ടാം ഘട്ടത്തിലും കാര്യങ്ങള്‍ വ്യത്യസ്തമല്ല. പഞ്ചാബ് കിങ്‌സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലുള്ള മത്സരത്തിലും അമ്പയറുടെ പിഴവുകള്‍ കണ്ടു. പഞ്ചാബ് താരം കെ.എല്‍ രാഹുലിനെ പുറത്താക്കാന്‍ കൊല്‍ക്കത്ത താരം രാഹുല്‍ ത്രിപതി എടുത്ത ക്യാച്ച് മൂന്നാം അമ്പയര്‍ അനുവദിച്ചില്ല. അത് ക്ലിയര്‍ ക്യാച്ച് ആണെന്ന് ക്രിക്കറ്റ് വിദഗ്ദ്ധര്‍ പറയുന്നു. 

ഇതിന് പിന്നാലെ പഞ്ചാബും ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സും തമ്മിലുള്ള മത്സരത്തിലും മൂന്നാം അമ്പയര്‍ക്ക് പിഴച്ചു. പക്ഷേ ഇത്തവണ പഞ്ചാബിന് പ്രതികൂലമായിരുന്നു കാര്യങ്ങള്‍. രവി ബിഷ്‌ണോയിയുടെ പന്തില്‍ സ്വീപ് ഷോട്ടിന് ശ്രമിച്ച ബാംഗ്ലൂര്‍ താരം ദേവ്ദത്ത് പടിക്കലിന്റെ കണക്കുകൂട്ടലുകള്‍ തെറ്റി. പന്ത് നേരെ വിക്കറ്റ് കീപ്പര്‍ കെ.എല്‍ രാഹുലിന്റെ കൈയിലെത്തി. രാഹുല്‍ അത് കൈപ്പിടിയിലൊതുക്കി. എന്നാല്‍ ഫീല്‍ഡ് അമ്പയര്‍ ഔട്ട് നല്‍കിയില്ല.

ഇതോടെ പഞ്ചാബ് റിവ്യൂ ആവശ്യപ്പെട്ടു. ഗ്ലൗസില്‍ ഉരസിയാണ് പന്ത് കടന്നുപോയതെന്ന് റിവ്യൂവില്‍ വ്യക്തമായി. എന്നാല്‍ എല്ലാവരേയും ഞെട്ടിച്ച് മൂന്നാം അമ്പയര്‍ നോട്ട് ഔട്ട് വിളിച്ചു. 

ഇതിന് പിന്നാലെ ട്വിറ്ററില്‍ പ്രതിഷേധവുമായി ക്രിക്കറ്റ് താരങ്ങളും ആരാധകരും രംഗത്തെത്തി. ആരാണ് അമ്പയര്‍മാര്‍ക്ക് പരിശീലനം നല്‍കുന്നത് എന്നായിരുന്നു ഒരു ആരാധകന്റെ ട്വീറ്റ്. മൂന്നാം അമ്പയറെ പുറത്താക്കൂ എന്നും രോഷത്തോടെ ആരാധകര്‍ പറയുന്നു.

 

Content Highlights: Fans fumes after third umpire makes a blunder in RCB vs PBKS IPL Match