ന്യൂഡല്‍ഹി: സെപ്റ്റംബര്‍ 19 ന് യു.എ.ഇയില്‍ പുനഃരാരംഭിക്കുന്ന ഐ.പി.എല്ലിന് മുന്നോടിയായി രണ്ട് വെസ്റ്റ് ഇന്‍ഡീസ് താരങ്ങളെ ടീമിലെത്തിച്ച് രാജസ്ഥാന്‍ റോയല്‍സ്. വിന്‍ഡീസിന്റെ ബാറ്റ്‌സ്മാന്‍ എവിന്‍ ലൂയിസും ബൗളര്‍ ഒഷെയ്ന്‍ തോമസുമാണ് രാജസ്ഥാനിലേക്ക് പുതുതായി എത്തുക.

ഇംഗ്ലണ്ടിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ജോസ് ബട്‌ലര്‍ക്കും ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സിനും പകരമായാണ് ഇരുതാരങ്ങളെയും രാജസ്ഥാന്‍ ടീമിലെടുത്തത്. 

29 കാരനായ ലൂയിസ് 2016 ട്വന്റി 20 ലോകകപ്പിലൂടെയാണ് വിന്‍ഡീസ് ടീമില്‍ അരങ്ങേറ്റം കുറിയ്ക്കുന്നത്. 45 ട്വന്റി 20 മത്സരങ്ങളില്‍ നിന്നുമായി 158 പ്രഹരശേഷിയോടെ 1318 റണ്‍സ് താരം നേടിയിട്ടുണ്ട്. നേരത്തേ ലൂയിസ് മുംബൈ ഇന്ത്യന്‍സിനുവേണ്ടി കളിച്ചിട്ടുണ്ട്. 

ഫാസ്റ്റ് ബൗളറായ തോമസ് നിലവില്‍ കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ബാര്‍ബഡോസ് റോയല്‍സിനായാണ് കളിക്കുന്നത്. 2018-ല്‍ ഇന്ത്യയ്‌ക്കെതിരായ മത്സരത്തിലൂടെ വിന്‍ഡീസിനായി അരങ്ങേറ്റം കുറിച്ച താരം 17 ട്വന്റി 20 മത്സരങ്ങളില്‍ നിന്നും 19 വിക്കറ്റുകള്‍ വീഴ്ത്തി. 

തോമസ് മുന്‍പ് റോയല്‍സിനായി കളിച്ചിട്ടുണ്ട്. അന്ന് നാലുമത്സരങ്ങളില്‍ നിന്നും അഞ്ച് വിക്കറ്റുകള്‍ താരം നേടി. 

Content Highlights: Evin Lewis, Oshane Thomas to join RR for remainder of IPL in UAE