ലണ്ടന്‍: ഐപിഎല്‍ 14-ാം സീസണിലെ ശേഷിക്കുന്ന മത്സരങ്ങള്‍ ഈ വര്‍ഷം നടത്തിയാല്‍ ഇംഗ്ലീഷ് താരങ്ങള്‍ക്ക് പങ്കെടുക്കാനാകില്ലെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ്. ജൂണ്‍ മുതല്‍ ഇംഗ്ലണ്ടിന് തിരക്കേറിയ ഷെഡ്യൂളാണ് ഉള്ളതെന്നും അതുകൊണ്ട് ഇംഗ്ലണ്ട് കളിക്കാര്‍ ഐപിഎല്ലില്‍ നിന്ന് വിട്ടുനില്‍ക്കുമെന്നും ക്രിക്കറ്റ് ബോര്‍ഡ് തലവന്‍ ആഷ്‌ലി ജൈല്‍സ്‌ വ്യക്തമാക്കി.

ഇംഗ്ലണ്ടിന്റെ പരമ്പരയില്‍ കളിക്കാരുടെ സാന്നിധ്യം ഉറപ്പാക്കാനാണ് ശ്രമിക്കുന്നത്. ഇനിയുള്ള പരമ്പകളുടെ ഷെഡ്യൂള്‍ തയ്യാറായി കഴിഞ്ഞു. പാകിസ്താന്‍, ബംഗ്ലാദേശ് പര്യടനങ്ങളില്‍ കളിക്കാര്‍ ഉണ്ടാകുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്-ആഷ്‌ലേ ഗില്‍സ് വ്യക്തമാക്കുന്നു.

11 ഇംഗ്ലീഷ് താരങ്ങളാണ് ഐപിഎല്ലിലെ വിവിധ ഫ്രാഞ്ചൈസികൡലായി കളിക്കുന്നത്. ഐപിഎല്‍ മത്സരങ്ങള്‍ എവിടെവെച്ച്, എങ്ങനെ പുനരാരംഭിക്കും എന്നതിനെ കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ലെന്നും ഗില്‍സ് വ്യക്തമാക്കുന്നു.

ഐപിഎല്ലില്‍ ശേഷിക്കുന്ന മത്സരങ്ങള്‍ പൂര്‍ത്തിയാക്കാന്‍ രണ്ട് സമയമാണ് ബിസിസിഐയ്ക്ക് മുമ്പിലുള്ളത്. സെപ്തംബര്‍ രണ്ടാം ആഴ്ച്ച മുതല്‍ ട്വന്റി-20 ലോകകപ്പ് ആരംഭിക്കുന്നത് മുമ്പുവരെ ഐപിഎല്‍ നടത്തുക എന്നതാണ് ഒരു വഴി. ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലാണ് ട്വന്റി-20 ലോകകപ്പ്. നവംബര്‍ രണ്ടിന് ശേഷം നടത്തുക എന്നതാണ് രണ്ടാമത്തെ വഴി. 

Content Highlights: England players unlikely to be available for re  scheduled IPL says ECB