മുംബൈ: ഐപിഎല്‍ അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെച്ചതിന് പിന്നാലെ ടൂര്‍ണമെന്റിലെ ഇംഗ്ലീഷ് താരങ്ങള്‍ നാട്ടില്‍ തിരിച്ചെത്തി. പതിനൊന്ന് ഇംഗ്ലീഷ് താരങ്ങളില്‍ എട്ടുപേര്‍ ഇംഗ്ലണ്ടില്‍ വിമാനമിറങ്ങി. 

ജോസ് ബട്‌ലര്‍, മോയിന്‍ അലി, ക്രിസ് വോക്‌സ്, സാം ബില്ലിങ്‌സ്, സാം കറന്‍, ടോം കറന്‍, ജേസണ്‍ റോയ്, ബെയര്‍സ്‌റ്റോ എന്നിവരാണ് ഇംഗ്ലണ്ടിലെ ഹീത്രൂ വിമാനത്താവളത്തിലെത്തിയത്. 10 ദിവസം ഹോട്ടലില്‍ ക്വാറന്റീനിൽ കഴിഞ്ഞതിനുശേഷം മാത്രമേ ഇവര്‍ക്ക് കുടുംബത്തിനൊപ്പം ചേരാനാകൂ. 

ക്രിസ് ജോര്‍ദാന്‍, ഇയാന്‍ മോര്‍ഗന്‍, ഡേവിഡ് മലാന്‍ എന്നിവരാണ് ഇനി ഇംഗ്ലണ്ടിലേക്ക് പോകാന്‍ ബാക്കിയുള്ളത്. 48 മണിക്കൂറിനകം ഇവര്‍ യാത്ര തിരിക്കും. അതേസമയം ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ന്യൂസീലൻഡ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള താരങ്ങള്‍ ഇന്ത്യയില്‍ തുടരുകയാണ്. 

ഐപിഎല്ലിലെ എട്ട് ടീമുകളില്‍ നാലിലും കോവിഡ് റിപ്പോര്‍ട്ട് ചെയ്തതോടെയാണ് ടൂര്‍ണമെന്റ് അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെച്ചത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് തുടങ്ങിയ ടീമുകളിലാണ് കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചത്.

Content Highlights: England players land safely at Heathrow airport England