ന്യൂഡല്‍ഹി: ബയോ ബബിളിനുള്ളില്‍ കഴിഞ്ഞിരുന്ന കൂടുതല്‍ താരങ്ങള്‍ കോവിഡ് പോസീറ്റീവായതോടെ ഐ.പി.എല്‍ താത്കാലികമായി റദ്ദാക്കിയതില്‍ പ്രതികരണവുമായി ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി.

സുരക്ഷിതമായ ഐ.പി.എല്‍ ബയോ ബബിള്‍ ഭേദിച്ച് കോവിഡ് എങ്ങനെ എത്തി എന്നതിനെ കുറിച്ച് പറയാന്‍ പ്രയാസമാണെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം ബയോ ബബിള്‍ ലംഘനം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. ഇന്ത്യന്‍ എക്‌സ്പ്രസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലായിരുന്നു ഗാംഗുലിയുടെ പ്രതികരണം. 

ആ സമയത്ത് രാജ്യത്ത് കോവിഡ് കേസുകള്‍ കുറവായിരുന്നതിനാലാണ് ഐ.പി.എല്‍ 14-ാം സീസണ്‍ ഇന്ത്യയില്‍ തന്നെ നടത്താന്‍ തീരുമാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇത്തരത്തില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലും ബയോ ബബിളിനുള്ളില്‍ കോവിഡ് വ്യാപനം ഉണ്ടായിരുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ''അന്ന് അവര്‍ക്ക് മത്സരം മാറ്റിവെയ്ക്കാനായിരുന്നു. കാരണം അത് ആറു മാസത്തോളമൊക്കെ നീണ്ടുനില്‍ക്കുന്ന ലീഗാണ്. ഐ.പി.എല്ലില്‍ അങ്ങനെ ഒരു സാധ്യതയില്ല. ഇവിടെ സമയക്രമം കടുത്തതാണ്. താരങ്ങളെ അവരവരുടെ രാജ്യാന്തര മത്സരങ്ങള്‍ക്കാായി വിട്ടുനല്‍കേണ്ടതുണ്ട്.'' - ഗാംഗുലി വ്യക്തമാക്കി.

Content Highlights:  Difficult to say how Covid entered bio-bubble says Sourav Ganguly