ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പുതിയൊരു റെക്കോഡ് സ്വന്തമാക്കി ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേല്‍. 2011 ന് ശേഷം ഐ.പി.എല്ലില്‍ തുടര്‍ച്ചയായി രണ്ട് മത്സരങ്ങളില്‍ മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരം സ്വന്തമാക്കുന്ന ആദ്യ സ്പിന്നര്‍ എന്ന നേട്ടമാണ് അക്ഷര്‍ സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തത്. 

ചെന്നൈ സൂപ്പര്‍ കിങ്‌സ്, മുംബൈ ഇന്ത്യന്‍സ് എന്നീ ടീമുകള്‍ക്കെതിരേയാണ് അക്ഷര്‍ പട്ടേല്‍ മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരം നേടിയത്. ഈ രണ്ടുമത്സരങ്ങളിലും ഡല്‍ഹിയ്ക്ക് വിജയം സമ്മാനിക്കുന്നതില്‍ അക്ഷര്‍ നിര്‍ണായകമായ പങ്കുവഹിച്ചു. 

അക്ഷറിന്റെ ഈ നേട്ടം ഡല്‍ഹി ക്യാപിറ്റല്‍സ് ട്വിറ്ററിലൂടെ ആരാധകരിലേക്കെത്തിച്ചു. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ അക്ഷര്‍ നാലോവറില്‍ വെറും 18 റണ്‍സ് മാത്രം വിട്ടുനല്‍കി രണ്ട് വിക്കറ്റെടുത്തു. നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിനെതിരേ നാലോവറില്‍ വെറും 21 റണ്‍സ് മാത്രം വിട്ടുനല്‍കി മൂന്ന് വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. 

ഈ മാസം ആരംഭിക്കുന്ന ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ അക്ഷര്‍ പട്ടേല്‍ ഇടം നേടിയിട്ടുണ്ട്. ഐ.പി.എല്ലിലെ പ്രകടനമികവില്‍ ഇന്ത്യയ്ക്ക് വേണ്ടി ആദ്യ ഇലവനില്‍ സ്ഥാനം നേടാനാകുമെന്ന പ്രതീക്ഷയിലാണ് അക്ഷര്‍. 

Content Highlights: Delhi Capitals Axar Patel Becomes First Spinner To Achieve This Feat In IPL Since 2011