മുംബൈ:  ഐ.പി.എല്ലില്‍ പഞ്ചാബ് കിങ്സിനെതിരായ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന്റെ സൂപ്പര്‍ താരം ദീപക് ചാഹര്‍ ആയിരുന്നു. ചെന്നൈയുടെ വിജയത്തില്‍ നിര്‍ണായകമായ നാല് വിക്കറ്റുകളാണ് ചാഹര്‍ വീഴ്ത്തിയത്.

മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പഞ്ചാബ് ഓപ്പണര്‍ മായങ്ക് അഗര്‍വാളിന്റെ സ്റ്റമ്പ് ഇളക്കിയായിരുന്നു ചെന്നൈ പേസര്‍ വിക്കറ്റ് വേട്ട തുടങ്ങിയത്. പിന്നാലെ, ക്രിസ് ഗെയ്ലും നിക്കോളാസ് പൂരനും ദീപക്ഹൂഡയും ചാഹറിന്റെ പന്തിന്റെ ചൂടറിഞ്ഞു. ഇതോടെ പഞ്ചാബ് ഏഴ് ഓവറില്‍ 26 റണ്‍സും അഞ്ചു വിക്കറ്റും എന്ന നിലയിലേക്ക് വീണു. മത്സരത്തില്‍ 18 ഡോട്ട് ബോള്‍ എറിഞ്ഞ ചാഹര്‍ 13 റണ്‍സ് വഴങ്ങി നാല് വിക്കറ്റാണ് വീഴ്ത്തിയത്. ചാഹറിന്റെ ഐ.പി.എല്‍ കരിയറിലെ മികച്ച ബൗളിങ് പ്രകടനവും ഇതുതന്നെയാണ്.

മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരത്തിലെത്തിയ പ്രകടനം ആഗ്രയില്‍ നിന്നുള്ള പേസ് ബൗളര്‍ ചാഹര്‍ ആര്‍ക്കാണ് സമര്‍പ്പിച്ചത് എന്നാണ് അതിലും രസകരം. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ കഴിഞ്ഞ മത്സരത്തില്‍ ചെന്നൈ തോറ്റതിനെ തുടര്‍ന്ന് ദേഷ്യവും സങ്കടവും പ്രകടിപ്പിച്ച ഒരു ആരാധകനാണ് ചാഹര്‍ ഈ പ്രകടനം സമര്‍പ്പിച്ചത്. അന്ന് ഡല്‍ഹിക്കെതിരേ നാല് ഓവറില്‍ ഒരു വിക്കറ്റ് പോലും വീഴ്ത്താതെ 36 റണ്‍സാണ് ചാഹര്‍ വഴങ്ങിയത്.

തുടര്‍ന്ന് ചെന്നൈയുടെ ഒരു കുഞ്ഞു ആരാധകന്‍ ചാഹറിന് സോഷ്യല്‍ മീഡിയയില്‍ ഒരു മെസ്സേജ് അയച്ചു. 'നിങ്ങള്‍ മികച്ച ബൗളര്‍ തന്നെയാണ്, പക്ഷേ അടുത്ത മത്സരത്തില്‍ കളിക്കരുത്' എന്നായിരുന്നു ആ മെസ്സേജ്. ഈ കുഞ്ഞു ആരാധകനാണ് ചാഹര്‍ തന്റെ മികച്ച പ്രകടനം സമര്‍പ്പിച്ചത്. ആ ആരാധകന്‍ പറഞ്ഞതുപോലെ ഈ മത്സരം താന്‍ കളിച്ചിരുന്നില്ലെങ്കില്‍ ഇങ്ങനെ ഒരു പ്രകടനം കാണാന്‍ കഴിയില്ലായിരുന്നെന്നും ഒരു മോശം പ്രകടനത്തിന്റെ പേരില്‍ ഒരു താരത്തെ വിലയിരുത്തരുത് എന്നും ചാഹര്‍ വ്യക്തമാക്കുന്നു.

Content Highlights: Deepak Chahar IPL 2021 CSK Cricket