മുംബൈ: ലൈവ് മത്സരത്തിനിടയില്‍ ക്യാപ്റ്റനും പരിശീലകനും തമ്മില്‍ ചര്‍ച്ച നടത്താന്‍ അനുവദിക്കണമെന്ന് ന്യൂസീലന്റിന്റെ മുന്‍ ഓള്‍റൗണ്ടര്‍ ഡാനിയല്‍ വെട്ടോറി. ഒരു പ്രത്യേക ഉപകരണത്തിന്റെ സഹായത്തോടെയാകണം ഈ ചര്‍ച്ചയെന്നും കാണികള്‍ക്ക്‌ ഇതു കേള്‍ക്കാനുള്ള സൗകര്യമുണ്ടാകണമെന്നും വെട്ടോറി വ്യക്തമാക്കി. 

ആ സമയത്ത് ക്യാപ്റ്റനും പരിശീലകനും എന്താണ് ആലോചിക്കുന്നതെന്നും എന്തു ചെയ്യാനാണ് ശ്രമിക്കുന്നതെന്നും കാണികള്‍ അറിയണമെന്നും വെട്ടോറി വ്യക്തമാക്കി. ഇഎസ്പിഎന്‍ക്രിക്ക് ഇന്‍ഫോയിലെ അഭിമുഖത്തിലാണ് വെട്ടോറി തന്റെ ആശയം മുന്നോട്ടുവെച്ചത്. 

ക്രിക്കറ്റിന്റെ എല്ലാ രൂപത്തിലും ഇതു നടപ്പില്‍ വരുത്തണമെന്നും ഗ്രൗണ്ടില്‍ മികച്ച പ്രകടനം നടത്താന്‍ ഇതു സഹായിക്കുമെന്നും വെട്ടോറി പറയുന്നു. സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ ക്യാപ്റ്റനും കോച്ചും എടുക്കുന്ന തീരുമാനങ്ങള്‍ എന്താണെന്ന് കാണികള്‍ അറിയണം. അങ്ങനെയെങ്കില്‍ ഇപ്പോഴുള്ളതുപോലുള്ള കുറ്റപ്പെടുത്തലുകള്‍ ഒഴിവാക്കാകും. ഇതു ശരിയാണ്, ഇതു തെറ്റാണ് എന്നതു പോലെയുള്ള കമന്റുകളും ഒഴിവാക്കാനാകും. വെട്ടോറി വ്യക്തമാക്കുന്നു. 

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും പഞ്ചാബ് കിങ്‌സും തമ്മിലുള്ള മത്സരത്തിനിടയില്‍ ഇംഗ്ലീഷ് അനലിസ്റ്റ് നഥാന്‍ ലേമാന്‍ ക്യാപ്റ്റന്‍ ഇയാന്‍ മോര്‍ഗന് ഡഗ് ഔട്ടില്‍ നിന്ന് സന്ദേശം നല്‍കിയിരുന്നു. 54 എന്ന കോഡ് ഒരു ബോര്‍ഡില്‍ എഴുതിയത് പ്രദര്‍ശിപ്പിച്ചാണ് നഥാന്‍ ലേമാന്‍ മോര്‍ഗനെ സഹായിച്ചത്.