മുംബൈ:  28 പന്തില്‍ 62 റണ്‍സ്, അവസാന ഓവറില്‍ 37 റണ്‍സ്, മാക്‌സ് വെല്ലിന്റേയും എബി ഡിവില്ലിയേഴ്‌സിന്റേയും വിക്കറ്റുള്‍പ്പെടെ 12 റണ്‍സ് മാത്ര വഴങ്ങി വീഴ്ത്തിയത് മൂന്നു വിക്കറ്റുകള്‍, ഒരു മെയ്ഡന്‍ ഓവര്‍, ഡാനിയല്‍ ക്രിസ്റ്റിയനെ റണ്‍ഔട്ടാക്കിയ ത്രോ-ആര്‍സിബിയും സിഎസ്‌കെയും മുംബൈയില്‍ ഏറ്റുമുട്ടിയപ്പോള്‍ രവീന്ദ്ര ജഡേജ ഓള്‍റൗണ്ട് മാന്ത്രികനായി മാറി. ഐ.പി.എല്ലിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച വ്യക്തിഗത പ്രകടനങ്ങളില്‍ ഒന്ന് എന്ന് വിശേഷിപ്പിക്കാവുന്ന പ്രകടനം. ചെന്നൈയുടെ വിജയത്തിലേക്ക് നയിച്ച ജഡേജയുടെ വണ്‍മാന്‍ഷോ. 

എന്നാല്‍ ഇതെല്ലാം ഇല്ലാതാകാന്‍ ഒരൊറ്റ നിമിഷം മതിയായിരുന്നു. ജഡേജ റണ്‍ഔട്ടാക്കിയ ഡാന്‍ ക്രിസ്റ്റിയന്റെ കൈകളില്‍ നിന്ന് ആ പന്ത് ചോര്‍ന്നില്ലായിരുന്നെങ്കില്‍ മത്സരഫലം തന്നെ മറ്റൊന്നായി മാറിയേനെ. വാഷിങ്ടണ്‍ സുന്ദര്‍ എറിഞ്ഞ 15-ാം ഓവറിലായിരുന്നു ജഡേജയെ പുറത്താക്കാന്‍ ക്രിസ്റ്റ്യന് സുവര്‍ണാവസരം വന്നത്. ആ സമയത്ത് രണ്ട്‌ പന്തു നേരിട്ട താരം അക്കൗണ്ട് തുറന്നിട്ടുണ്ടായിരുന്നില്ല.

പക്ഷേ ആ ക്യാച്ച് കൈവിട്ടതോടെ ജീവന്‍ തിരികെ കിട്ടിയ ജഡേജ നിറഞ്ഞാടി. അവസാന ഓവറില്‍ അഞ്ചു സിക്‌സും ഒരു ഫോറും നോ ബോളിന്റെ ഒരു റണ്ണും ഒരു ഡബ്‌ളും ഉള്‍പ്പെടെ അടിച്ചെടുത്തത്  37 റണ്‍സ്. ആ ഓവര്‍ എറിഞ്ഞ ഹര്‍ഷല്‍ പട്ടേല്‍ വയറു നിറച്ചും വെള്ളം കുടിച്ചു. 

Content Highlights: dan cristian catch missing ravindra jadeja ipl 2021