ചെന്നൈ: ഐ.പി.എല്ലില്‍ ബുധനാഴ്ച്ച നടക്കേണ്ടിയിരുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സും രാജസ്ഥാന്‍ റോയല്‍സും തമ്മിലുള്ള മത്സരവും മാറ്റിവെച്ചു. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ബൗളിങ് പരിശീലകന്‍ എല്‍ ബാലാജി കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്നാണ് കളി മാറ്റിയത്. 

ചെന്നൈ താരങ്ങള്‍ ഇനി ക്വാറന്റെയ്‌നില്‍ കഴിയേണ്ടിവരും. ആറു ദിവസത്തെ ക്വാറന്റെയ്‌ന് ശേഷം മൂന്നു ആര്‍ടി-പിസിആര്‍ ടെസ്റ്റ് നെഗറ്റീവ് ആയ ശേഷം മാത്രമേ ചെന്നൈ താരങ്ങള്‍ക്ക് ഇനി കളിക്കളത്തില്‍ ഇറങ്ങാനാകൂ. 

ഐ.പി.എല്ലില്‍ കോവിഡ് മൂലം മാറ്റിവെയ്ക്കുന്ന രണ്ടാമത്തെ മത്സരമാണിത്. നേരത്തെ തിങ്കളാഴ്ച്ച നടക്കേണ്ടിയിരുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്-റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മത്സരം മാറ്റിവെച്ചിരുന്നു. കൊല്‍ക്കത്ത താരങ്ങളായ വരുണ്‍ ചക്രവര്‍ത്തിയും സന്ദീപ് വാര്യരും കോവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്നാണിത്. 

ഡല്‍ഹി ക്യാപിറ്റല്‍സ് താരങ്ങളും ക്വാറന്റെയ്‌നിലാണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ അവസാന മത്സരം ഡല്‍ഹി ക്യാപിറ്റല്‍സുമായിട്ടായിരുന്നു. ഏപ്രില്‍ 29-നായിരുന്നു ഈ മത്സരം. ഇതോടെയാണ് ഡല്‍ഹി ടീമിനോടും ക്വാറന്റെയ്‌നില്‍ പോകാന്‍ ബിസിസിഐ ആവശ്യപ്പെട്ടത്. നിലവില്‍ അഹമ്മദാബാദിലാണ് ഡല്‍ഹി ടീമുള്ളത്.

Content Highlights: CSK vs RR match rescheduled after Balaji tests positive for Covid-19