ചെന്നൈ:  കോവിഡ് മൂലം വലഞ്ഞ് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ബാറ്റിങ് കോച്ച് മൈക്ക് ഹസ്സി. വെള്ളിയാഴ്ച്ച നടത്തിയ കോവിഡ് പരിശോധനയില്‍ നെഗറ്റീവ് ആയിരുന്ന ഹസ്സിയെ വീണ്ടും പരിശോധിച്ചപ്പോള്‍ ഫലം പോസറ്റീവ്. ഇതോടെ ഓസ്‌ട്രേലിയയുടെ മുന്‍താരം ഇന്ത്യയില്‍ ക്വാറന്റീനില്‍ തുടരണം. 

ചെന്നൈ സൂപ്പര്‍ കിങ്‌സ് ബൗളിങ് കോച്ച് എല്‍ ബാലാജിക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഹസ്സിയും പോസറ്റീവ് ആയത്. കോവിഡ് പോസറ്റീവ് ആകുന്ന ഐപിഎല്ലിലെ ആദ്യ വിദേശിയും ഹസ്സി ആയിരുന്നു. പോസറ്റീവ് ആയ ഹസ്സിയേയും ബാലാജിയേയും എയര്‍ ആംബുലന്‍സില്‍ കൂടുതല്‍ ചികിത്സയ്ക്കായി ചെന്നൈയില്‍ എത്തിച്ചു. തുടര്‍ന്ന് ക്വാറന്റീനു ശേഷം ആദ്യം നടത്തിയ പരിശോധനയില്‍ ഹസ്സി കോവിഡ് നെഗറ്റീവ് ആയി.

ബിസിസിഐയുടെ നിയമപ്രകാരം മൂന്നു കോവിഡ് ടെസ്റ്റുകള്‍ നെഗറ്റീവ് ആയശേഷം മാത്രമേ രാജ്യം വിടാനാകൂ. മറ്റു ഓസീസ് താരങ്ങളെല്ലാം മാലദ്വീപിലേക്കുള്ള ചാര്‍ട്ടേഡ് ഫ്‌ളൈറ്റില്‍ പോകാന്‍ തയ്യാറായി നില്‍ക്കുന്നതിനാല്‍ ഹസ്സിക്ക് വീണ്ടും ടെസ്റ്റ് നടത്തി. എന്നാല്‍ രണ്ടാം ടെസ്റ്റില്‍ ഹസ്സി വീണ്ടും പോസിറ്റീവ് ആയി. ഇതോടെ താരത്തിന് ഇപ്പോഴൊന്നും ഇന്ത്യ വിടാനാകില്ല. ചെന്നൈയില്‍ തന്നെ കുറച്ചുകാലം കൂടി തുടരേണ്ടിവരും.

Content Highlights: CSK Coach Michael Hussey Covid 19 Update