ന്യൂഡല്‍ഹി:  ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ യുവ പേസ് ബൗളറാണ് ചേതന്‍ സക്കറിയ. ടെമ്പോ ഡ്രൈവറുടെ മകനായ ചേതന്‍ ഒരുപാട് പ്രതിസന്ധികള്‍ തരണം ചെയ്താണ് ഐപിഎല്ലെന്ന സ്വപ്‌നവേദിയിലെത്തിയത്. എല്ലാവര്‍ക്കും പ്രചോദനമാകുന്ന ജീവിതം-ചേതനെക്കുറിച്ച് മാധ്യമങ്ങളെല്ലാം വാഴ്ത്തി. 

എന്നാല്‍ കോവിഡ് മൂലം ഐപിഎല്‍ അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെച്ചത് തന്നെപ്പോലുള്ള താരങ്ങള്‍ക്ക് തിരിച്ചടിയാണെന്ന് ചേതന്‍ പറയുന്നു. 'ഐപിഎല്‍ ഉപേക്ഷിക്കാനാണ് ആളുകള്‍ പറയുന്നത്. അവരോട് എനിക്കു ചിലതു പറയാനുണ്ട്. എന്റെ കുടുംബത്തിന്റെ ഏക ആശ്രയം ഞാനാണ്. ക്രിക്കറ്റ് മാത്രമാണ് എന്റെ വരുമാന മാര്‍ഗം. ഐപിഎല്ലില്‍ നിന്ന് ലഭിച്ച പണത്തിലൂടെ എന്റെ അച്ഛന് മെച്ചപ്പെട്ട ചികിത്സ കൊടുക്കാന്‍ കഴിഞ്ഞു. 

പാവപ്പെട്ട കുടുംബത്തില്‍ നിന്നാണ് ഞാന്‍ വരുന്നത്. ഈ ടൂര്‍ണമെന്റ് ഉപേക്ഷിച്ചാല്‍ അത് എനിക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കും. ജീവിതകാലം മുഴുവന്‍ എന്റെ അച്ഛന്‍ ടെമ്പോ ഓടിച്ചാണ് ജീവിച്ചത്. ഐപിഎല്ലിലൂടെ ജീവിതം പച്ചപിടിക്കാന്‍ തുടങ്ങുകയായിരുന്നു.' ചേതന്‍ പറയുന്നു. 20 ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന ചേതനെ 1.2 കോടി രൂപയ്ക്കാണ് രാജസ്ഥാന്‍ സ്വന്തമാക്കിയത്.

ചേതന്റെ അച്ഛന്‍ കോവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലാണ്. രാജസ്ഥാന്‍ റോയല്‍സില്‍ നിന്ന് ഈ സീസണിലെ പണം ലഭിച്ചുവെന്നും ആ നിമിഷം തന്നെ അത് വീട്ടിലേക്ക് അയച്ചുവെന്നും ചേതന്‍ പറയുന്നു. പ്രതിസന്ധി ഘട്ടത്തില്‍ കുടുംബത്തിന് സഹായമായത് ആ പണമാണ്. ക്രിക്കറ്റ് മാത്രമാണ് എന്റെ വരുമാനമാര്‍ഗ്ഗം. ചേതന്‍ കൂട്ടിച്ചേര്‍ത്തു. ദേശീയ മാധ്യമമായ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് ചേതന്‍ മനസ്സുതുറന്നത്‌

രാജസ്ഥാന്‍ റോയല്‍സിനായി ഈ സീസണില്‍ ഏഴ് മത്സരങ്ങള്‍ കളിച്ച ചേതന്‍ ഏഴു വിക്കറ്റും വീഴ്ത്തി. അരങ്ങേറ്റ മത്സരത്തില്‍ 31 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റെടുത്ത് വരവറിയിച്ചു. മായങ്ക് അഗര്‍വാള്‍. കെഎല്‍ രാഹുല്‍, റിച്ചാര്‍ഡ്‌സണ്‍ എന്നിവരുടെ വിക്കറ്റാണ് വീഴ്ത്തിയത്. 

Content Highlights: cricket is the only source of my earning says chetan sakariya IPL 2021