ന്യൂഡല്‍ഹി: കോവിഡ് പോസിറ്റീവായ താരങ്ങളെ എയര്‍ ആംബുലന്‍സ് വഴി ചെന്നൈയിലെത്തിച്ച ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ നടപടി വിവാദത്തില്‍. ബൗളിങ് കോച്ച് ലക്ഷ്മിപതി ബാലാജി, ബാറ്റിങ് കോച്ച് മൈക്ക് ഹസ്സി എന്നിവരെയാണ് ചെന്നൈയിലെത്തിച്ചത്. കോവിഡ് പോസിറ്റീവായ വ്യക്തികളെ ചെന്നൈ ടീം എങ്ങനെ റൂമിന് പുറത്തെത്തിച്ചു എന്നാണ് ആളുകള്‍ ചോദിക്കുന്നത്. 

ഡ്രൈവര്‍, എയര്‍പോര്‍ട്ടിലെ ഉദ്യോഗസ്ഥര്‍, സെക്യൂരിറ്റി ജീവനക്കാര്‍ എന്നിവരുടെ സുരക്ഷ ചെന്നൈ പരിഗണിച്ചില്ലെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചെന്നൈയുടെ ഈ നടപടിയില്‍ മറ്റു ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ക്കും അതൃപ്തിയുണ്ട്. 

കോവിഡ് പോസിറ്റീവായ വ്യക്തി 10 ദിവസം ക്വാറന്റെയ്‌നില്‍ ഇരിക്കണമെന്നും രണ്ടു നെഗറ്റീവ് പരിശോധനാഫലങ്ങള്‍ക്കു ശേഷമേ പുറത്തിറങ്ങാന്‍ പാടുള്ളൂ എന്നുമാണ് ബിസിസിഐയുടെ നിയമം. ഈ നിയമം മറികടന്നതിനോടൊപ്പം സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന പ്രോട്ടോക്കോളും ചെന്നൈ ടീം പാലിച്ചില്ല.

ഹസ്സി ഒഴികെയുള്ള ഓസീസ് താരങ്ങളെ വ്യാഴാഴ്ച്ച മാലിദ്വീലേക്ക് മാറ്റിയിരുന്നു. ഹസ്സിയുടെ പരിശോധനാഫലം നെഗറ്റീവായ ശേഷം മാത്രമേ ഇവരോടൊപ്പം ചേരാനാകൂ. മെയ് 15 മുതല്‍ ഇന്ത്യയില്‍ നിന്നുള്ള യാത്രാ വിമാനങ്ങള്‍ക്ക് ഓസ്‌ട്രേലിയ വിലക്കേര്‍പ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തില്‍ ഓസീസ് താരങ്ങള്‍ നാട്ടിലെത്താന്‍ ഇനിയും സമയമെടുക്കും.

Content Highlights: Covid positive Michael Hussey and Lakshmipathy Balaji flown to Chennai in air ambulance by CSK