ദുബായ്: ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഓള്‍റൗണ്ടറും ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം അംഗവുമായ ക്രിസ് വോക്‌സ് ഐ.പി.എല്‍ 2021-ല്‍ നിന്ന് പിന്മാറി. വരാനിരിക്കുന്ന ട്വന്റി 20 ലോകകപ്പിനും ആഷസ് സീരിസിനുമുള്ള തയ്യാറെടുപ്പുകള്‍ക്ക് വേണ്ടിയാണ് ടീമില്‍ നിന്ന് പിന്മാറിയതെന്ന് വോക്‌സ് അറിയിച്ചു.

എന്നാല്‍ ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അഞ്ചാം മത്സരം ഉപേക്ഷിച്ചതില്‍ പ്രതിഷേധിച്ചാണ് താരം ഐ.പി.എല്ലില്‍ നിന്ന് പിന്മാറിയതെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. വോക്‌സിന് പുറമേ ജോണി ബെയര്‍സ്‌റ്റോ, ഡേവിഡ് മലാന്‍ എന്നീ ഇംഗ്ലീഷ് താരങ്ങളും ഐ.പി.എല്ലില്‍ നിന്ന് പിന്മാറിയിട്ടുണ്ട്. 

ബെയര്‍‌സ്റ്റോ സണ്‍റൈസേഴ്‌സിന്റെയും മലാന്‍ പഞ്ചാബ് കിങ്‌സിന്റെയും താരമാണ്. ഇരുവരും ലോകകപ്പിനുള്ള ഇംഗ്ലണ്ട് ടീമില്‍ ഇടം നേടിയിട്ടുണ്ട്. വോക്‌സിന് പകരം ഓസ്‌ട്രേലിയയുടെ ബെന്‍ ഡ്വാര്‍ഷൂയിസിനെ ഡല്‍ഹി ടീമിലെടുത്തിട്ടുണ്ട്.

'അപ്രതീക്ഷിതമായാണ് എനിക്ക് ലോകകപ്പ് ടീമിലേക്ക് അവസരം ലഭിച്ചത്. ലോകകപ്പും ആഷസും ഇംഗ്ലണ്ട് ടീമിനെ സംബന്ധിച്ചിടത്തോളം വിലപ്പെട്ട മത്സരങ്ങളാണ്. ചെറിയ സമയത്തിനുള്ളില്‍ രണ്ട് വലിയ മത്സരങ്ങളില്‍ പങ്കെടുക്കുക എന്നത് ചില്ലറ കാര്യമല്ല. അതിനായി നല്ല പരിശീലനം ആവശ്യമാണ്. അതിനുവേണ്ടിയാണ് ഐ.പി.എല്ലില്‍ നിന്ന് പിന്മാറുന്നത്. എന്റെ പിന്മാറ്റത്തിന് മാഞ്ചെസ്റ്റര്‍ ടെസ്റ്റുമായി യാതൊരു ബന്ധവുമില്ല'- വോക്‌സ് വ്യക്തമാക്കി. 

സെപ്റ്റംബര്‍ 19 ന് പുനരാരംഭിക്കുന്ന ഐ.പി.എല്ലില്‍ പത്ത് ഇംഗ്ലണ്ട് താരങ്ങളാണ് കളിക്കുക. അതില്‍ ഒന്‍പത് താരങ്ങള്‍ക്കും ഐ.പി.എല്‍ പ്ലേ ഓഫ് മത്സരങ്ങള്‍ കളിക്കാന്‍ സാധിക്കില്ല. പാകിസ്താനുമായുള്ള ലോകകപ്പിലെ ആദ്യ മത്സരം മൂലമാണ് താരങ്ങള്‍ക്ക് പ്ലേ ഓഫ് നഷ്ടമാകുക. 

Content Highlights: Not Manchester Test cancellation, Delhi Capitals' Chris Woakes reveals real reason behind IPL 2021 withdrawal