ദുബായ്: ബയോ ബബിളിന്റെ സുരക്ഷയിലാണ് ഐ.പി എല്‍ ക്രിക്കറ്റ് സുഗമമായി പുരോഗമിക്കുന്നത്. എന്നാല്‍, കോവിഡിനെ പ്രതിരോധിക്കാനുള്ള ഈ ബബിളിനകത്തെ ജീവിതം അസഹ്യമാണെന്ന് പറഞ്ഞ് നാട്ടിലേയ്ക്ക് മടങ്ങുകയാണ് പഞ്ചാബ് കിങ്സിന്റെ വിന്‍ഡീസ് ബാറ്റ്സ്മാന്‍ ക്രിസ് ഗെയ്ല്‍. ഐ.പി.എല്‍ പുനരാരംഭിച്ചശേഷം രണ്ട് മത്സരങ്ങള്‍ മാത്രമാണ് ഗെയ്ല്‍ കളിച്ചത്.

'കഴിഞ്ഞ ഏതാനും മാസങ്ങളായി ഞാന്‍ മുഴുവന്‍ സമയവും വിവിധ ബബിളുകളിലായിരുന്നു ജീവിച്ചത്. ആദ്യം ക്രിക്കറ്റ് വെസ്റ്റിന്‍ഡീസിന്റെ ബബിള്‍. അതു കഴിഞ്ഞ് സി.പി.എല്‍ ബബിള്‍. അവിടുത്ത് നേരെ ഐ.പി.എല്‍ ബബിളിലേയ്ക്ക്. എനിക്ക് മാനസികമായി ഒന്ന് റീച്ചാര്‍ജ് ചെയ്യണം. ഒന്ന് മാനസികോന്മേഷം വീണ്ടെടുക്കണം. ടിട്വന്റി ലോകകപ്പില്‍ വിന്‍ഡീസ് ടീമിന് കരുത്തു പകരുകയാണ് ഇപ്പോള്‍ ലക്ഷ്യം. അതിനുവേണ്ടി മനസിനെ സജ്ജമാക്കേണ്ടതുണ്ട്. അതുകൊണ്ടാണ് ദുബായില്‍ നിന്ന് ഒരു ബ്രേക്കെടുത്തത്. ഇതിന് അനുവദിച്ച പഞ്ചാബ് സൂപ്പര്‍ കിങ്സിനോട് നന്ദിയുണ്ട്'-പഞ്ചാബ് കിങ്സ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ ഗെയ്ല്‍ പറഞ്ഞു.

നേരത്തെ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്സിന്റെ താരമായിരുന്ന ഗെയ്ല്‍ ഇതുവരെയായി ഐ.പി.എല്ലില്‍ 140 മത്സരങ്ങളില്‍ നിന്ന ആറ് സെഞ്ചുറികള്‍ അടക്കം 4950 റണ്‍സ് നേടിയിട്ടുണ്ട്. പുറത്താകാതെ നേടിയ 175 റണ്‍സാണ് ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. ഈ സീസണില്‍ ഇതുവരെയായി പത്ത് മത്സരങ്ങളില്‍ നിന്ന് 193 റണ്‍സാണ് ഗെയ്ല്‍ നേടിയത്. 46 റണ്‍സാണ് ഏറ്റവും ഉയര്‍ന്ന സ്‌കോര്‍.

content highlights: chris gayle withdraws from IPL due to bubble fatigue