ചെന്നൈ: ഐ.പി.എല്‍ 14-ാം സീസണിലെ ആദ്യ സൂപ്പര്‍ ഓവര്‍ പോരാട്ടത്തിനാണ് കഴിഞ്ഞ ദിവസം ചെന്നൈ ചെപ്പോക്ക് സ്‌റ്റേഡിയം സാക്ഷ്യം വഹിച്ചത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ ഡല്‍ഹി ക്യാപിറ്റല്‍സ് വിജയം നേടുന്നതിനും ആരാധകര്‍ സാക്ഷിയായി. ആദ്യം ബാറ്റു ചെയ്ത ഡല്‍ഹി 159 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിങ്ങില്‍ ഹൈദരാബാദും ഇതേ സ്‌കോര്‍ നേടുകയായിരുന്നു. ഇതോടെ സൂപ്പര്‍ ഓവര്‍ അനിവാര്യമായി. 

സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റിങ്ങിനിറങ്ങിയത് ഹൈദരാബാദാണ്. ഏവരേയും അമ്പരപ്പിച്ച് ഡല്‍ഹിക്കായി ബൗള്‍ ചെയ്യാനെത്തിയത് സ്പിന്നര്‍ അക്‌സര്‍ പട്ടേലും. കാഗിസോ റബാദയടക്കമുള്ള ബൗളര്‍മാര്‍ ടീമിലുണ്ടായിരിക്കേയാണ് ഡല്‍ഹി പരീക്ഷണത്തിന് മുതിര്‍ന്നത്. എന്നാല്‍ ഡേവിഡ് വാര്‍ണര്‍ക്കും കെയ്ന്‍ വില്ല്യംസണും സൂപ്പര്‍ ഓവറില്‍ ഏഴ് റണ്‍സേ നേടനായുള്ളു. ഡല്‍ഹിക്കായി ബാറ്റിങ്ങിനിറങ്ങിയ ശിഖര്‍ ധവാനും ഋഷഭ് പന്തും ഈ സ്‌കോര്‍ മറികടന്നു. റാഷിദ് ഖാന്റെ അവസാന പന്തിലായിരുന്നു ഡല്‍ഹി വിജയം കണ്ടത്.

ഏതായാലും അക്‌സര്‍ പട്ടേലിനെ ഇറക്കിയ ബുദ്ധി വിജയിച്ചു. എന്തുകൊണ്ട് അക്‌സറിനെ തിരഞ്ഞെടുത്തു എന്നതിനുള്ള ഉത്തരം താരം തന്നെ പറയും. 'പിച്ച് സ്പിന്നര്‍മാരെ തുണക്കുമെന്ന് ഡ്രസ്സിങ് റൂമിലിരിക്കുമ്പോള്‍ അറിയാമായിരുന്നു. സൂപ്പര്‍ ഓവര്‍ എറിയാന്‍ താത്പര്യമുണ്ടെന്ന് ഞാന്‍ ഋഷഭിനെ അറിയിക്കുകയായിരുന്നു. ഋഷഭ് കോച്ച് റിക്കി പോണ്ടിങ്ങുമായി ചര്‍ച്ച നടത്തിയ ശേഷം എന്നെ തന്നെ തിരഞ്ഞെടുത്തു.' അക്‌സര്‍ വ്യക്തമാക്കി. 

കോവിഡ് മാറിയ ശേഷം അക്‌സറിന്റെ തിരിച്ചുവരവ് മത്സരം കൂടിയായിരുന്നു ഇത്. നാല് ഓവര്‍ എറിഞ്ഞ താരം 26 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റും വീഴ്ത്തി. ഒപ്പം സൂപ്പര്‍ ഓവറിലെ മികച്ച പ്രകടനം കൂടി ആയതോടെ തിരിച്ചുവരവ് ഗംഭീരമായി. 

Content Highlights: Axar Patel Rishabh Pant IPL 2021 Super Over