ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ തകര്‍പ്പന്‍ പ്രകടന മികവില്‍ ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നെറ്റ് ബൗളറാവാന്‍ ആവേശ് ഖാന് അവസരം. ഡല്‍ഹി ക്യാപിറ്റല്‍സിന്റെ പേസ് ബൗളറായ ആവേശ് ഖാന്‍ സീസണില്‍ ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയ താരങ്ങളുടെ പട്ടികയില്‍ രണ്ടാമതാണ്. 

24 കാരനായ ആവേശ് ഖാന്‍ 15 മത്സരങ്ങളില്‍ നിന്ന് 23 വിക്കറ്റുകളാണ് വീഴ്ത്തിയത്. ഇന്ത്യയുടെ ഏറ്റവും മികച്ച പേസറായ ജസ്പ്രീത് ബുംറയെ വരെ മറികടന്നാണ് ആവേശ് ഖാന്‍ ഐ.പി.എല്ലില്‍ മികച്ച പ്രകടനം പുറത്തെടുത്തത്. 

ഒക്ടോബര്‍ 24 ന് പാകിസ്താനെതിരെയാണ് ഇന്ത്യയുടെ ആദ്യ ലോകകപ്പ് മത്സരം. ഐ.പി.എല്‍ കഴിഞ്ഞയുടന്‍ താരം ഇന്ത്യന്‍ ടീമിനൊപ്പം ചേരും. ആവേശ് ഖാന് പുറമേ ഐ.പി.എല്ലില്‍ മികച്ച പ്രകടനം പുറത്തെടുത്ത സണ്‍റൈസേഴ്‌സിന്റെ ഉമ്രാന്‍ മാലിക്കിനും നെറ്റ് ബൗളറാകാന്‍ അവസരം ലഭിച്ചിട്ടുണ്ട്. 

ഈ സീസണില്‍ ആവേശ് ഖാന്റെ ബൗളിങ് ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. സ്ഥിരമായി 140 കിലോമീറ്ററിന് മുകളില്‍ പന്തെറിഞ്ഞ താരം ഡല്‍ഹി ക്യാപിറ്റല്‍സിന്റെ കുന്തമുനയാണ്. മധ്യപ്രദേശിന്റെ താരമായ ആവേശ് 27 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്ന് 100 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. 

Content Highlights: Avesh Khan Set To Join Team India As Net Bowler For T20 World Cup