ന്യൂഡല്‍ഹി: ഐ.പി.എലില്‍ കളിക്കുന്ന ഓസ്‌ട്രേലിയന്‍ താരങ്ങളില്‍ ഭൂരിഭാഗവും ടൂര്‍ണമെന്റ് ഉപേക്ഷിച്ച് സ്വന്തം രാജ്യത്തേക്ക് തിരിച്ചുപോകാന്‍ ഒരുങ്ങുന്നതിനിടെ, ഇന്ത്യയില്‍നിന്ന് നേരിട്ട് പോകുന്ന വിമാനങ്ങള്‍ക്ക് ഓസ്‌ട്രേലിയ വിലക്ക് ഏര്‍പ്പെടുത്തി. മേയ് 15 വരെയാണ് വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്.

ഐ.പി.എലുമായി ബന്ധപ്പെട്ട് കളിക്കാരും കോച്ചുമാരും കമന്റേറ്റര്‍മാരുമായി മുപ്പതോളം ഓസ്‌ട്രേലിയക്കാര്‍ ഇന്ത്യയിലുണ്ട്. വിമാന സര്‍വീസ് നിര്‍ത്തുന്നതും ലോക്ഡൗണ്‍ ഭീഷണിയും കാരണം ഇവരെല്ലാം സ്വന്തം രാജ്യത്തേക്ക് മടങ്ങാന്‍ താത്പര്യം പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ടുണ്ട്.

ടൂര്‍ണമെന്റ് കഴിഞ്ഞാല്‍ ക്രിക്കറ്റര്‍മാരെ കൊണ്ടുപോകാന്‍ പ്രത്യേക വിമാനം ഏര്‍പ്പെടുത്തണമെന്ന് മുംബൈ ഇന്ത്യന്‍സ് താരം ക്രിസ് ലിന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡിനോട് ആവശ്യപ്പെട്ടു. എന്നാല്‍, കളിക്കാര്‍ സ്വന്തം നിലയ്ക്കാണ് ഇന്ത്യയിലേക്ക് പോയതെന്നും അതേ രീതിയില്‍ തിരിച്ചെത്തണമെന്നും ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ ചൊവ്വാഴ്ച വൈകീട്ട് പ്രതികരിച്ചു.

കളിക്കാരുടെ ആരോഗ്യകാര്യങ്ങളും സുരക്ഷയും ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് നിരീക്ഷിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ്, പ്രത്യേക വിമാനം വേണമെന്ന് ക്രിസ് ലിന്‍ ആവശ്യപ്പെട്ടത്.

കളിക്കാരുടെ കൂട്ടത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍, സ്റ്റീവന്‍ സ്മിത്ത് (ഡല്‍ഹി), പാറ്റ് കമ്മിന്‍സ് (കൊല്‍ക്കത്ത), ക്രിസ് ലിന്‍ (മുംബൈ) എന്നിവരുണ്ട്. ആന്‍ഡ്രൂ ടൈ, കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍, ആദം സാംപ എന്നിവര്‍ കഴിഞ്ഞദിവസം ടൂര്‍ണമെന്റ് ഉപേക്ഷിച്ച് ഓസ്‌ട്രേലിയയിലേക്ക് മടങ്ങിയിരുന്നു. കോച്ചുമാരായി റിക്കി പോണ്ടിങ് (ഡല്‍ഹി), സൈമണ്‍ കാറ്റിച്ച് (ബാംഗ്ലൂര്‍) എന്നിവരുണ്ട്. മാത്യു ഹെയ്ഡന്‍, ബ്രെറ്റ് ലീ, മൈക്കല്‍ സ്ലേറ്റര്‍, ലിസ സ്തലേക്കര്‍ തുടങ്ങിയ മുന്‍കാല താരങ്ങള്‍ കമന്റേറ്റര്‍മാരായും ഇവിടെയുണ്ട്.

Content Highlights: Australian players set to move from India to their home land due to covid 19