സിഡ്‌നി:  ഇന്ത്യയില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണെങ്കിലും ഐ.പി.എല്ലില്‍ കളിക്കുന്ന
ഓസ്‌ട്രേലിയന്‍ കളിക്കാരെ നാട്ടിലെത്തിക്കാന്‍ പ്രത്യേക വിമാനം അയക്കില്ലെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍. ഓസീസ് താരങ്ങളെ നാട്ടിലെത്തിക്കാന്‍ ചാര്‍ട്ടേഡ് വിമാനം ഏര്‍പ്പെടുത്തണമെന്ന് മുംബൈ ഇന്ത്യന്‍സ് താരം ക്രിസ് ലിന്‍ ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ഓസീസ് പ്രധാനമന്ത്രിയുടെ പ്രതികരണം. 

ഐ.പി.എല്ലില്‍ കളിക്കാന്‍ ഓസീസ് താരങ്ങള്‍ ഇന്ത്യയിലെത്തിയത് സ്വന്തംനിലയ്ക്കാണ്. അതുകൊണ്ടു തന്നെ ലീഗ് അവസാനിക്കുമ്പോള്‍ നാട്ടിലെത്താന്‍ അവര്‍ അതേ മാര്‍ഗം ഉപയോഗിക്കണം. ക്രിക്കറ്റ് താരങ്ങള്‍ക്ക് ഇക്കാര്യത്തില്‍ പ്രത്യേക പരിഗണനയുണ്ടാകില്ല. ക്രിസ് മോറിസണ്‍ വ്യക്തമാക്കുന്നു. 

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്ന് നേരിട്ടുള്ള വിമാനങ്ങള്‍ക്ക് ഓസ്‌ട്രേലിയ മെയ് 15 വരെ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനിടയില്‍ ഓസ്‌ട്രേലിയന്‍ താരങ്ങളായ ഡേവിഡ് വാര്‍ണറും സ്റ്റീവ് സ്മിത്തും നാട്ടിലേക്ക് മടങ്ങാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് മോറിസണ്‍ നിലപാട് വ്യക്തമാക്കിയത്. 

 ഐ.പി.എല്‍ ആരംഭിച്ചശേഷം ഇതുവരെ മൂന്ന് ഓസീസ് താരങ്ങള്‍ നാട്ടിലേക്ക് മടങ്ങിയിട്ടുണ്ട്. രാജസ്ഥാന്‍ റോയല്‍സ് താരം ആന്‍ഡ്രു ടൈയും ആര്‍സിബി താരങ്ങളായ കെയ്ന്‍ റിച്ചാര്‍ഡ്‌സണും ആദം സാംപയുമാണ് നാട്ടിലേക്ക് മടങ്ങിയത്.

Content Highlights: Australia PM Scott Morrison says no special arrangement to bring back players from IPL