മുംബൈ: ഏറ്റവും ദുര്‍ബലമായ ബയോ ബബിള്‍ സംവിധാനമാണ് ഐ.പി.എല്ലിലേതെന്ന് ആര്‍.സി.ബിയുടെ ഓസീസ് താരം ആദം സാംപ. ഏതാനും ബയോ ബബിളുകളുടെ ഭാഗമായിട്ടുണ്ട്. അതില്‍ ഏറ്റവും ദുര്‍ബലം ഐ.പി.എല്‍. ഈ സീസണിലേതാണെന്നും സാംപ പറയുന്നു. കഴിഞ്ഞ വര്‍ഷത്തേത് പോലെ ഐ.പി.എല്‍. യു.എ.ഇയില്‍ നടത്തണമെന്നും സാംപ വ്യക്തമാക്കി. ഇന്ത്യയില്‍ കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ഐ.പി.എല്ലില്‍നിന്ന് പിന്മാറിയ സാംപ ഓസ്‌ട്രേലിയയിലേക്ക് മടങ്ങിയിരുന്നു. 

ഇന്ത്യയില്‍ ശുചിത്വത്തെ കുറിച്ച് കൂടുതല്‍ ശ്രദ്ധാലുവായിരിക്കണമെന്നും ആറു മാസം മുമ്പ് യു.എ.ഇയില്‍ ഐ.പി.എല്‍. നടന്നപ്പോള്‍ ഇങ്ങനെ തോന്നിയിരുന്നില്ലെന്നും സാംപ ചൂണ്ടിക്കാട്ടുന്നു. 'യു.എ.ഇയിലേത് വളരെ സുരക്ഷിതമായിരുന്നു. ഇത്തവണയും അവിടെ തന്നെ നടത്തേണ്ടത് ആയിരുന്നു. എന്നാല്‍ അതു നടക്കില്ല. കാരണം അതിനു പിന്നില്‍ രാഷ്ട്രീയമായ ഒരുപാട് കാര്യങ്ങളുണ്ട്. ഈ വര്‍ഷം അവസാനം ഇന്ത്യയിലാണ് ട്വന്റി-20 ലോകകപ്പ് നടക്കുന്നത്. അതായിരിക്കും ക്രിക്കറ്റ് ലോകത്തെ ഇനിയുള്ള ചര്‍ച്ചാവിഷയം.' സാംപ ചൂണ്ടിക്കാട്ടുന്നു. 

ഇന്ത്യയിലെ കോവിഡിന്റെ ഇപ്പോഴത്തെ അവസ്ഥ പേടിപ്പെടുത്തുന്നത് തന്നെയാണ്. ഐ.പി.എല്‍. തുടരുന്നത് ഒരുപാട് പേര്‍ക്ക് ആശ്വാസമാവും എന്ന് ചില ആളുകള്‍ പറയുന്നു. എന്നാല്‍ അത് അവരുടെ വ്യക്തിപരമായ അഭിപ്രായം മാത്രമാണ്. തന്റെ പ്രിയപ്പെട്ടവരില്‍ ഒരാള്‍ മരണക്കിടക്കയില്‍ കിടക്കുമ്പോള്‍ അവര്‍ക്ക് ക്രിക്കറ്റാവില്ല പ്രധാനപ്പെട്ട കാര്യം. സാംപ കൂട്ടിച്ചേര്‍ത്തു. 

Content Highlights: Adam Zampa on bio bubble IPL 2021