ദുബായ്: ഐ.പി.എല്ലില്‍ എതിരാളികള്‍ക്ക് ഭീതിയുയര്‍ത്താന്‍ എ.ബി.ഡിവില്ലിയേഴ്‌സ് വീണ്ടുമെത്തുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും താരത്തിന്റെ ബാറ്റിങ് മികവിന് ഒരു കോട്ടവും വന്നിട്ടില്ല. സെപ്റ്റംബര്‍ 19 ന് ആരംഭിക്കുന്ന ഐ.പി.എല്ലിന് മുന്‍പായി നടന്ന പരിശീലന ട്വന്റി 20 മത്സരത്തില്‍ ഡിവില്ലിയേഴ്‌സ് തകര്‍പ്പന്‍ സെഞ്ചുറി നേടി.

ടീം അംഗങ്ങളെ രണ്ടായി വിഭജിച്ചാണ് മത്സരം നടത്തിയത്. വെറും 46 പന്തുകളില്‍ നിന്ന് 106 റണ്‍സാണ് ഡിവില്ലിയേഴ്‌സ് നേടിയത്. പത്ത് ഫോറും ഏഴ് പടുകൂറ്റന്‍ സിക്‌സുകളും ഡിവില്ലിയേഴ്‌സിന്റെ ബാറ്റില്‍ നിന്നും പ്രവഹിച്ചു. 

ദേവ്ദത്ത് പടിക്കലും ഹര്‍ഷല്‍ പട്ടേലുമാണ് രണ്ട് ടീമുകളെ നയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഹര്‍ഷല്‍ പട്ടേല്‍ ടീമിനുവേണ്ടിയാണ് ഡിവില്ലിയേഴ്‌സ് ഈ മാരക ബാറ്റിങ് പുറത്തെടുത്തത്. ഡിവില്ലിയേഴ്‌സിന് പുറമേ മലയാളി താരം മുഹമ്മദ് അസ്ഹറുദ്ദീനും മികച്ച പ്രകടനം പുറത്തെടുത്തു. താരം 43 പന്തുകളില്‍ നിന്ന് 66 റണ്‍സെടുത്തു. ഇരുവരുടെയും പ്രകടന മികവില്‍ ഹര്‍ഷല്‍ പട്ടേല്‍ ഇലവന്‍ 20 ഓവറില്‍ നാലുവിക്കറ്റിന് 212 റണ്‍സെടുത്തു. 

213 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റേന്തിയ ദേവ്ദത്ത് ഇലവന്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ വിജയം സ്വന്തമാക്കി. 47 പന്തുകളില്‍ നിന്ന് 95 റണ്‍സെടുത്ത കെ.എസ്.ഭരത്താണ് ടീമിന് വിജയം സമ്മാനിച്ചത്. ദേവ്ദത്ത് 36 റണ്‍സെടുത്തു.

ഐ.പി.എല്ലില്‍ സെപ്റ്റംബര്‍ 20 ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെയാണ് ബാംഗ്ലൂര്‍ നേരിടുക. നിലവില്‍ പോയന്റ്പട്ടികയില്‍ മൂന്നാമതാണ് ടീം. 

Content Highlights: AB de Villiers slams 46-ball 104 in RCB's intra-squad fixture, 'skipper' Devdutt Padikkal dismissed on 36