അഹമ്മദാബാദ്: ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ എബി ഡിവില്ലിയേഴ്‌സിന്റെ ബാറ്റിങ് കണ്ട് ഓസ്‌ട്രേലിയന്‍ താരം ട്വീറ്റ് ചെയ്തത് ഇങ്ങനെയാണ് 'ഇതിഹാസ താരം, എബി ഡിവില്ലിയേഴ്‌സ്, എന്റെ ആരാധനാപാത്രം'. ഐപിഎല്ലില്‍ 5000 റണ്‍സ് പൂര്‍ത്തിയാക്കുന്ന രണ്ടാമത്തെ വിദേശ താരമാണ് ഡിവില്ലിയേഴ്‌സ് എന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ട്വീറ്റ് പങ്കുവെച്ചായിരുന്നു വാര്‍ണറുടെ ഈ കമന്റ്. 

5000 റണ്‍സ് നേടുന്ന ആദ്യത്തെ വിദേശ താരം വാര്‍ണര്‍ ആണ് എന്നതാണ് അതിലും രസകരമായ കാര്യം. എന്നിട്ടും ഡിവില്ലിയേഴ്‌സ് വാര്‍ണറുടെ ആരാധനാപാത്രമാകുന്നത് ആ ബാറ്റിങ് സ്റ്റൈലും സ്ഥിരതയാര്‍ന്ന പ്രകടനവും കൊണ്ടുതന്നെയാണ്. 

ഏറ്റവും വേഗത്തില്‍ 5000 റണ്‍സിലെത്തുന്ന മൂന്നമാത്തെ താരവും ഈ മുന്‍ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാനാണ്. വാര്‍ണര്‍ 135 ഇന്നിങ്‌സെടുത്ത് ഒന്നാമതും 157 ഇന്നിങ്‌സ് കളിച്ച വിരാട് കോലി രണ്ടാമതുമാണ്. മൂന്നാമതുള്ള ഡിവില്ലിയേഴ്‌സ് 161 ഇന്നിങ്‌സാണെടുത്തത്. 

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ അവസാന ഓവറില്‍ ഡിവില്ലിയേഴ്‌സ് നേടിയത് മൂന്നു സിക്‌സുള്‍പ്പെടെ 22 റണ്‍സാണ്. സ്‌റ്റോയ്ന്‍സ് എറിഞ്ഞ ആദ്യ പന്ത് വൈഡ് കൂടി ആയതോടെ ആ ഓവറില്‍ പിറന്നത് 23 റണ്‍സ്.

Content Highlights: AB de Villiers becomes 2nd overseas batsman to score 5000 runs in IPL