ചെന്നൈ: 2021 ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിന് മുന്‍പായി പുത്തന്‍ ജഴ്‌സി പുറത്തിറക്കി ചെന്നൈ സൂപ്പര്‍ കിങ്‌സ്. സൂപ്പര്‍ കിങ്‌സ് നായകന്‍ മഹേന്ദ്ര സിങ് ധോനിയാണ് പുതിയ ജഴ്‌സിയുടെ ചിത്രം ആരാധകരുമായി പങ്കുവെച്ചത്. 

ധോനി പങ്കുവെച്ച ചിത്രവും വീഡിയോയും സമൂഹമാധ്യമങ്ങളില്‍ ചുരുങ്ങിയ നിമിഷം കൊണ്ട് വൈറലായി. ബോക്‌സില്‍ നിന്നും ജഴ്‌സി പുറത്തെടുത്ത് 'ചെന്നൈ സൂപ്പര്‍ കിങ്‌സ്‌ക്ക് പെരിയ വിസില് അടിങ്കേ' എന്ന ഡയലോഗ് പറഞ്ഞാണ് ധോനി ആരാധകര്‍ക്കായി ജഴ്‌സിയുടെ ഡിസൈന്‍ പങ്കുവെച്ചത്. 

ഇത്തവണ മഞ്ഞ ജഴ്‌സിയില്‍ കാര്യമായ മാറ്റങ്ങള്‍ ടീം വരുത്തിയിട്ടുണ്ട്. ജഴ്‌സിയുടെ തോള്‍ ഭാഗത്ത് പച്ച നിറത്തിലുള്ള പുതിയ ഡിസൈനുണ്ട്. ഇന്ത്യന്‍ മിലിട്ടറിയ്ക്കുള്ള ആദരസൂചകമായാണ് ഈ ഡിസൈന്‍ ജഴ്‌സിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. 

അടുത്ത മാസം ആരംഭിക്കുന്ന ഐ.പി.എല്ലിലെ ആദ്യ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെയാണ് ചെന്നൈ നേരിടുക.

Content Highlights: MS Dhoni unveils CSK's IPL 2021 jersey