ബെംഗളൂരു: ഏപ്രിലില്‍ ആരംഭിക്കുന്ന ഐ.പി.എല്ലില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനായി നായകന്‍ വിരാട് കോലി ഓപ്പണറുടെ റോളില്‍ ഇറങ്ങും. ബാംഗ്ലൂരിന്റെ പരിശീലകന്‍ മൈക്ക് ഹെസ്സണാണ് ഇക്കാര്യം അറിയിച്ചത്. 

മലയാളി താരം ദേവ്ദത്ത് പടിക്കലിനൊപ്പം കോലി ഓപ്പണ്‍ ചെയ്യും. ഈയിടെ അവസാനിച്ച ഇംഗ്ലണ്ടിനെതിരായ അഞ്ചാം ട്വന്റി 20 മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി രോഹിത്തിനൊപ്പം കോലി ഓപ്പണറായി ഇറങ്ങി തിളങ്ങിയിരുന്നു.

കോലിയുടെ ഐ.പി.എല്‍ കരിയറിലെ ഏറ്റവും മികച്ച വര്‍ഷം 2016 ആയിരുന്നു. ആ സീസണിലുടനീളം താരം ഓപ്പണറായാണ് കളിച്ചത്. അന്ന് 16 മത്സരങ്ങളില്‍ നിന്നും 973 റണ്‍സാണ് താരം അടിച്ചെടുത്തത്. ഐ.പി.എല്ലിലെ ഒരു സീസണില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന താരം എന്ന റെക്കോഡും കോലി സ്വന്തമാക്കിയിരുന്നു.

ഏപ്രില്‍ ഒന്നിന് കോലി ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനൊപ്പം ചേരും. ഏഴുദിവസത്തെ ക്വാറന്റീനിനുശേഷം താരം പരിശീലനത്തിനിറങ്ങും.

Content Highlights: Mike Hesson confirms Virat Kohli will open for RCB in IPL 2021